
വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബല്‍ പ്രോസ്‌തെറ്റിക് പദ്ധതി ’10 ജേര്‍ണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളില്‍ മലയാളിയും. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോണ്‍ ചെറിയാനാണ് അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ (ബി എം സി) ലോകപ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജന്‍ പ്രൊഫ. ഡോ. മുന്‍ജെദ് അല്‍ മുദിരിസ് നേതൃത്വം നല്‍കിയ സൗജന്യ ഓസിയോഇന്റഗ്രേഷന്‍ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ദാരുണമായ അപകടങ്ങള്‍ക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍. ഷാരോണിനോടൊപ്പം പലസ്തീനില്‍ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയില്‍ നിന്നുള്ള ജോഷ്വ അര്‍നോള്‍ഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബി എം സിയിലെ അല്‍ മുദിരിസ് ഓസിയോ ഇന്റഗ്രേഷന്‍ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് 2022-ലെ സിറിയന്‍ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ ഷാമിന്റെയും ഒമറിന്റെയും അതിജീവനത്തിനുള്ള ആദരസൂചകമായി 10 പേര്‍ക്ക് സൗജന്യ ഓസിയോഇന്റഗ്രേഷന്‍ ശസ്ത്രക്രിയകള്‍ നല്‍കാനുള്ള പദ്ധതി ഡോ. ഷംഷീര്‍ പ്രഖ്യാപിച്ചത്.
ഈ നൂതന രീതിയിലൂടെ പ്രോസ്‌തെറ്റിക് ലിംബ് അസ്ഥിയില്‍ സംയോജിപ്പിക്കുകയും തന്മൂലം രോഗിക്ക് മെച്ചപ്പെട്ട ചലനശേഷിയും ജീവിത നിലവാരവും ലഭിക്കുകയും ചെയ്യും. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രൊഫൈലുകളില്‍ നിന്ന് തിരഞ്ഞെടുത്ത 10 പേര്‍ക്കാണ് ചികിത്സ നല്‍കുക. രോഗികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വരും മാസങ്ങളില്‍ ഏഴ് പേര്‍ക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഷാരോണിന്റെ ഇരുപത്തിയൊന്നാം വയസിലാണ് ജീവിതം തന്നെ മാറ്റി മറിച്ച ബൈക്കപകടം നടന്നത്. 2013 ഡിസംബറിൽ സുഹൃത്തുമൊത്തുള്ള ബൈക്ക് യാത്ര അവസാനിച്ചത് ദാരുണമായ അപകടത്തിലായിരുന്നു. സുഹൃത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ പിന്‍സീറ്റില്‍ യാത്ര ചെയ്ത ഷാരോണിനെ ഇടുപ്പിനും കാലിനും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിലെ മുറിവുകളും അണുബാധയുമായി മല്ലിട്ട് തുടര്‍ന്നുള്ള ഒന്‍പത് മാസം ആശുപത്രികളിലായിരുന്നു ഷാരോണിന്റെ ജീവിതം. രോഗമുക്തിക്കായി അവസാനം ഷാരോണിന്റെ വലതു കാല്‍ മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി.
എന്നാല്‍, പ്രതിസന്ധിയില്‍ തളരാതെ അതില്‍ നിന്ന് കര കയറുന്നതിനുള്ള പരിഹാരം കണ്ടെത്താനായിരുന്നു ഷാരോണിന്റെ ശ്രമം. ഇതിന്റെ ഭാഗമായി, മൂന്ന് വര്‍ഷം മുമ്പ്
ഓസിയോഇന്റഗ്രേഷനെക്കുറിച്ച് മനസിലാക്കുകയും പ്രൊഫ. മുന്‍ജെദുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ഷാരോണിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചിലവുകള്‍. പ്രതീക്ഷകള്‍ അസ്തമിച്ചിടത്ത് വഴിത്തിരിവായാണ് 10 ജേര്‍ണീസ് ഉദ്യമത്തിന്റെ ഭാഗമായി അറിയിപ്പ് ലഭിച്ചത്. ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച സൗജന്യ ഓസിയോഇന്റഗ്രേഷന്‍ ശസ്ത്രക്രിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് കാണുന്നതെന്നു ഷാരോണ്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

