
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 30-ാം എഡിഷനെ വരവേൽക്കാനൊരുങ്ങി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ദുബായ് ജി ഡി ആർ എഫ് എ യും ഗ്ലോബൽ വില്ലേജും ചേർന്ന് പ്രത്യേക സംയുക്ത പദ്ധതി പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി, ദുബായിൽ നിന്ന് ഇഷ്യു ചെയ്യുന്ന വിസകളിലും ദുബായ് അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിക്കും. ഗ്ലോബൽ വില്ലേജ് സീസൺ 30-ന്റെ ഔദ്യോഗിക ലോഗോ അടങ്ങിയ ഈ പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യത്തെ 10 ദിവസത്തേക്ക് സൗജന്യ പ്രവേശനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു . ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാകൂ.
Also read: ‘പ്രൊഫഷനലുകളായ പ്രവാസികൾക്ക് നവകേരള സൃഷ്ടിയിൽ വലിയ സംഭാവന നൽകാൻ സാധിക്കും’: ഡോ. ജോൺ ബ്രിട്ടാസ് എംപി
ദുബായുടെ സാംസ്കാരിക തുറന്ന സമീപനത്തെയും മനുഷ്യ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക സംരംഭം ആണിതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. വിസയിലും എൻട്രി സ്റ്റാമ്പിലുമുള്ള ഈ പ്രത്യേക ലോഗോ, യുഎഇയുടെ പ്രധാന സാംസ്കാരിക ആകർഷണമായ ഗ്ലോബൽ വില്ലേജ് ലക്ഷക്കണക്കിന് അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്താനാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ദുബായ് 2033 വിഷന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, എമിറേറ്റിന്റെ പുരോഗമനപരമായ സ്വത്വവും സാംസ്കാരിക ഐക്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. പദ്ധതി പ്രഖ്യാപന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് ഹോൾഡിംഗ് എന്റർടൈൻമെന്റ് – ഗ്ലോബൽ വില്ലേജ് സീനിയർ വൈസ് പ്രസിഡന്റായ മിസ്. സെയ്ന ദാഗർ, മാർക്കറ്റിംഗ് ആൻഡ് ഇവന്റ്സ് ഡയറക്ടർ സാറാ അൽ മുഹൈരി എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

