
ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സൈനിക സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു. കുവൈറ്റ് പ്രധാനമന്ത്രിയും കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും അന്തർദേശീയ രാഷ്ട്രീയ പശ്ചാത്തലങ്ങളും വിശദമായി പരിശോധിച്ചു.
സൈനിക വിന്യാസങ്ങളിലുണ്ടായ മാറ്റങ്ങളും ശക്തിസമവാക്യങ്ങളിലെ വ്യതിയാനങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ യോഗത്തിൽ വിലയിരുത്തപ്പെട്ടു. പ്രധാന മന്ത്രാലയങ്ങളും സുരക്ഷാ ഏജൻസികളും പ്രവർത്തനസജ്ജമാണോ എന്ന് പരിശോധിച്ച കൗൺസിൽ, അടിയന്തര ഘട്ടങ്ങളിൽ വേഗതയാർന്നതും ഏകോപിതവുമായ നടപടി ഉറപ്പാക്കാൻ സംവിധാനങ്ങൾ കൂടുതൽ ദൃഢമാക്കാൻ നിർദേശിച്ചു.
ഇറാനുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ, സൈനിക നടപടി സംബന്ധിച്ച അമേരിക്കയുടെ മുന്നറിയിപ്പുകൾ മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കാത്തതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ, കുവൈറ്റ് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് സേനാ യൂണിറ്റുകൾ സന്ദർശിച്ച് തയ്യാറെടുപ്പുകൾ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: റമദാൻ: വിവിധ ജയിലുകളിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ സംവിധാനത്തിന്റെ പ്രതിമാസ പരിശോധന അടുത്തിടെ പുനഃരാരംഭിച്ചതായും അധികൃതർ അറിയിച്ചു. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷ മുൻനിർത്തി തുടർച്ചയായ നിരീക്ഷണം തുടരുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

