
രാജ്യത്തെ റോഡ് സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന നടപടികളിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വാഹനം ഓടിക്കുന്ന അടിസ്ഥാന അറിവ് മാത്രം ഇനി ലൈസൻസ് നേടാൻ മതിയാകില്ലെന്നും, നിശ്ചിത പരിശീലന ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൂ എന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി.
രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് ഡ്രൈവിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയത്. ഇതനുസരിച്ച് ലൈസൻസിന് അപേക്ഷിക്കുന്നവർ നിർബന്ധമായും നിശ്ചിത മണിക്കൂർ പരിശീലനം പൂര്‍ത്തിയാക്കണം. നിലവിൽ രാജ്യത്ത് താമസിക്കുന്ന അപേക്ഷകർക്ക് 20 മണിക്കൂറും, വിദേശത്തു നിന്ന് പുതുതായി രാജ്യത്തെത്തുന്നവർക്ക് 40 മണിക്കൂറുമാണ് പരിശീലന സമയം നിശ്ചയിച്ചിരിക്കുന്നത്. റോഡുകളിലെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയ സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടി.
പരിശീലന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സബാഹിയ, സൗത്ത് ഖൈത്താൻ, ജഹ്‌റ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെ നാല് ഡ്രൈവിംഗ് അക്കാദമികൾ ആഭ്യന്തര മന്ത്രാലയം ഉടൻ ആരംഭിക്കും. ട്രാഫിക് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ഡ്രൈവർമാരുടെ മാതൃഭാഷയിൽ തന്നെ പരിശീലന ക്ലാസുകൾ നൽകുന്നതിനും വിദേശത്തുനിന്ന് പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാരെ നിയോഗിക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്ന് ഡ്രൈവർമാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ, അവരുടെ സ്വന്തം രാജ്യങ്ങളിൽ വെച്ചുതന്നെ കുവൈത്തിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ പരിശീലനം നൽകണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
2035-ഓടെ രാജ്യത്തെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. റോഡുകളിൽ ഉത്തരവാദിത്വപരമായ പെരുമാറ്റം ഉറപ്പാക്കുന്നതിനും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക നടപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇതിനെ വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

