
കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനവും ബോധവത്കരണ പരിപാടികളും ശിക്ഷയായി നടപ്പാക്കുന്ന പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നു. ഉപപ്രധാനമന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് പുറപ്പെടുവിച്ച 2025-ലെ 1497ാം നമ്പര്‍ തീരുമാനം അനുസരിച്ചാണ് ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍ ഭേദഗതി ഔദ്യോഗിക ഗസറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗസറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഒരു മാസത്തിനകം ഭേദഗതി പ്രാബല്യത്തില്‍ എത്തും.
പുതിയ ആര്‍ട്ടിക്കിള്‍ 212 പ്രകാരം, ചില പ്രത്യേക നിയമലംഘനങ്ങളില്‍ കോടതിക്ക് തടവിന് പകരം സമൂഹസേവന പ്രവര്‍ത്തനങ്ങളോ ബോധവത്കരണ പരിപാടികളോ നിര്‍ദേശിക്കാം. ട്രാഫിക്, ആരോഗ്യ, വിദ്യാഭ്യാസ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം, പള്ളികളുടെ ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ (മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, തീരശുചീകരണം), സാമൂഹിക-ദാന സംഘടനകളില്‍ സേവനം എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയത്. കൂടാതെ ക്ലാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍, പെരുമാറ്റ പരിശീലനങ്ങള്‍ പോലെയുള്ള ബോധവത്കരണ-പരിശീലന പരിപാടികളിലും കുറ്റക്കാരെ നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തും.
Read Also: ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം വൈകുന്നു; 150ഓളം പേരുടെ യാത്ര പ്രതിസന്ധിയില്‍
സാമൂഹിക സേവനം പൂര്‍ത്തിയാക്കാതെ വിട്ടാല്‍ കേസ് വീണ്ടും കോടതിയില്‍ എത്തുകയും ആദ്യം വിധിച്ച തടവുശിക്ഷ നടപ്പാക്കുകയും ചെയ്യും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റായിരിക്കും ശിക്ഷാ സംവിധാനം നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
പുതിയ ഭേദഗതിയിലൂടെ തടവുശിക്ഷയെ അവലംബിക്കുന്നത് കുറച്ച്, നിയമലംഘകരെ സമൂഹത്തിന് ഗുണകരമായ രീതിയില്‍ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് രാജ്യത്തെ റോഡുകളില്‍ സുരക്ഷയും നിയമങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലാണ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

