
കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷത്തിന് അബുദാബി ഇത്തിഹാദ് അരീനയിൽ പ്രൗഢോജ്വല തുടക്കം. മുഖ്യമന്ത്രിയും താരങ്ങളുമെല്ലാം എത്തിയിട്ടും മമ്മൂട്ടിയെ കാണാതിരുന്ന കാണികളുടെ നിരാശ, ആവേശത്തിലേക്ക് പൊട്ടിത്തെറിച്ച നിമിഷമായിരുന്നു മമ്മൂക്കയുടെ അപ്രതീക്ഷിത എൻട്രി. ഒരു കൂട്ടം മുഖംമൂടിയണിഞ്ഞ നർത്തകർക്കിടയിൽ നിന്നാണ് മലയാളത്തിന്റെ മഹാനടൻ വേദിയിലേക്ക് ഇറങ്ങി വന്നത്. ഇത്തിഹാദ് അരീനയിൽ കൂടിയ താരങ്ങളും വിശിഷ്ട വ്യക്തികളും പ്രവാസികളും വൻ കരഘോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു.
‘ഈ സായാഹ്നം കൈരളിയുടെ 25 വർഷത്തെ ചരിത്രയാത്രയുടെ ആഘോഷമാണ്. കൈരളി ഒരു ആശയമാണ്; കേരളത്തിലെ ജനങ്ങളുടെ വികാരമാണ്, ആഗ്രഹങ്ങളാണ്, ചിന്തകളാണ് കൈരളിയെന്ന്’ മമ്മൂട്ടി പറഞ്ഞു. വേറിട്ട കാഴ്ചകളും കാഴ്ചപ്പാടുമുള്ള വാർത്ത മാധ്യമമാണ് കൈരളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ സദസ് സ്വീകരിച്ചത്.
ALSO READ; കൈരളി@ 25: രജത ജൂബിലി ആഘോഷത്തിന് പ്രൗഢോജ്ജ്വല തുടക്കം; വേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികളുള്ള ഇടം എന്ന നിലക്കാണ് ഗൾഫ് രാജ്യങ്ങളിലൊന്ന് ആഘോഷ പരിപാടി സംഘടിപ്പിക്കാനായി തിരഞ്ഞെടുത്തത്. കേരളത്തിന്‍റെ തന്നെ ഒരു ഭാഗമായാണ് ഇവിടം നമ്മൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കൈരളി എംഡിയും പാർലമെന്‍റ് അംഗവുമായ ഡോ. ജോൺ ബ്രിട്ടാസിനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. കൈരളിയുടെ 25 വർഷത്തെ പ്രയാണത്തെ അടയാളപ്പെടുത്തുന്ന പരിപാടിയാണിതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കൈരളിയെന്ന ആശയം മൊട്ടിട്ടപ്പോൾ,അതിനെ കരുപ്പിടിപ്പിച്ചത് യു എ ഇയിലെ മലയാളികളാണ്. അവരോടുള്ള ആദരവായിട്ടാണ് യു എ ഇയുടെ മണ്ണിൽ ഈ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


