
സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യുഎഇയിൽ നടന്ന കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് തുരംഗപാത, കെഫോൺ (K-FON), കൊച്ചി വാട്ടർ മെട്രോ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ, കോവളം മുതൽ കാസർകോട് വരെയുള്ള ജലപാത എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വയനാട് തുരങ്കപാതയുടെ പണി ആരംഭിച്ചു കഴിഞ്ഞു. തുരങ്ക പാത സാധ്യമാവുമോ എന്ന് സംശയം പ്രകടിപ്പിച്ചവർ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ എല്ലാ അനുമതികളുമായി ടെൻഡറിങ് പൂർത്തിയാക്കി പണി മുന്നോട്ട് പോവുകയാണ്. ഒരു മഴ പെയ്താൽ പോലും ദിവസങ്ങളോളം യാത്ര തടസ്സപ്പെട്ടു പോകുന്ന വയനാട്ടിലേക്കുള്ള യാത്രാ ദുരിതത്തിന് ഇത് പരിഹാരമാകും. നിശ്ചിത സമയത്തിനുള്ളിൽ തുരംഗപാത പൂർത്തിയാക്കാൻ കഴിയുമെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇതിനുപുറമെ, ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെഫോൺ നല്ല രീതിയിൽ കേരളത്തിൽ പ്രവർത്തിക്കുകയും, ഈ രംഗത്ത് വലിയ വികസനം ഉറപ്പുവരുത്താൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം പദ്ധതിയായ കൊച്ചിയിലെ വാട്ടർ മെട്രോയെ രാജ്യം മാതൃകയാക്കുകയാണ്. രാജ്യത്തിലെ പല സംസ്ഥാനങ്ങളും കൊച്ചിയിൽ വന്ന് വാട്ടർ മെട്രോയെക്കുറിച്ച് പഠിക്കുകയും അവിടങ്ങളിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകത്തിലെ പല രാഷ്ട്രങ്ങളും കേരളത്തിൽ എത്തി അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കി കൊച്ചി വാട്ടർ മെട്രോ അധികൃതരോട് സഹായം തേടുന്നുമുണ്ട്.
കേരളത്തെ ആകർഷകമായ ഒരു ടൂറിസം കേന്ദ്രമാക്കി നിലനിർത്തുന്നതിന്റെ ഭാഗമായി കോവളം മുതൽ കാസർകോട് ബേക്കൽ വരെ 600 കിലോമീറ്ററിലധികം വരുന്ന ഒരു ജലപാത നിർമ്മിക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കോഴിക്കോടും കണ്ണൂരും കാസർകോടും ചില ഭാഗങ്ങളിൽ പുതിയ സ്ഥലം എടുത്ത് കനാൽ നിർമിക്കേണ്ടതുണ്ട്, ഇതിന് കുറച്ച് സമയം കൂടി എടുത്തേക്കാം. എന്നാൽ, കോവളം മുതൽ ചേറ്റുവാ വരെ ഈ ജലപാത അടുത്ത മാസം പൂർത്തിയാക്കാൻ കഴിയുന്ന നിലയിലാണ് നിൽക്കുന്നത്. ഇത് വലിയ തോതിലുള്ള മാറ്റമാണ് കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്നത്.
ഈ ജലപാത വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നായി മാറും. ഒരു വിനോദസഞ്ചാരി ബോട്ടിൽ കോവളത്തു നിന്ന് പുറപ്പെട്ടാൽ ചേറ്റുവാ വരെ എത്താൻ കഴിയും. യാത്ര ചെയ്യുമ്പോൾ ഏകദേശം 25 മുതൽ 30 കിലോമീറ്റർ എത്തുമ്പോൾ സ്റ്റോപ്പുകൾ ഉണ്ടാകും. അവിടെ ഇറങ്ങിയാൽ അവിടുത്തെ കാഴ്ചകൾ കാണാനും സ്വാദിഷ്ടമായ ഭക്ഷണത്തിനുള്ള അവസരവും വിവിധ തരത്തിലുള്ള കലാപരിപാടികളും ആസ്വദിക്കാൻ അവർക്ക് സാധിക്കും.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഔട്ടർ റിം റോഡ് നിർമ്മാണം നടക്കുകയാണ്. ഈ റോഡിന്റെ ഭാഗമായി വലിയ തോതിലുള്ള മറ്റ് പദ്ധതികളും വരുമെന്ന് പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ഒരു തുറമുഖ നഗരം വികസിച്ചു വരും. ഇതിന്റെ ഭാഗമായുള്ള മറ്റ് ഒട്ടേറെ പദ്ധതികളാണ് ഉണ്ടാകാൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

