
നാട്ടില്‍ എല്ലാവരും ഇപ്പോള്‍ പ്രത്യാശയിലാണെന്നും കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തുറമുഖ വികസന രംഗത്ത് അനന്തമായ സാധ്യതയുണ്ടെന്നും അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം നിക്ഷേപത്തിന് പറ്റാത്ത നാട് എന്നായിരുന്നു കേരളത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇന്ന് ആ നില മാറി. കേരളത്തിന്റെ പൊതു വിദ്യാഭാസം രാജ്യത്തെ തന്നെ ഏറ്റവും മികച്ചത് എന്ന് രാജ്യം തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേരളം വലിയ തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ച് അണി നിരക്കുന്നു. അത് തുടരണം. കേരളം ആരംഭിക്കുന്ന പല പദ്ധതികളും ഇപ്പോള്‍ രാജ്യം ഏറ്റെടുക്കുകയാണ്.
വികസന കാര്യങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ക്ഷേമ പദ്ധതികളും പുരോഗമിക്കുന്നു. ക്ഷേമ പെന്‍ഷന്‍, നമ്മുടെ നാടിന്റെ ദാരിദ്യത്തെ പരിഹരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. അതിദാരിദ്ര്യം ഇല്ലാത്ത ലോകത്തെ അപൂര്‍വം രാജ്യങ്ങളുടെ പട്ടികയിലേക്ക് കേരളവും എത്തുകയാണ്. നാടിന്റെ ഒരുമ, ഐക്യം, ജനങ്ങള്‍ നല്‍കുന്ന പിന്തുണ ഇതൊക്കെയാണ് നമ്മുടെ മുന്നില്‍ അസാധ്യമായത് ഒന്നുമില്ല എന്നതിലേക്ക് എത്തിച്ചത്.
അസാധ്യം എന്ന് കരുതിയ പദ്ധതിയായിരുന്നു നാഷണല്‍ ഹൈവേ. എന്നാല്‍ അത് യാഥാര്‍ഥ്യമാകുന്നു. പുതിയ കേരളം അതാണ് നാം ലക്ഷ്യമിടുന്നത്. 2016 മുതല്‍ ഈ ലക്ഷ്യത്തിന് തുടക്കമിട്ടു. 2016 മുതല്‍ 2021 വരെ 600 വാഗ്ദാനമാണ് നല്‍കിയത്. അതില്‍ 580 എണ്ണം പൂര്‍ത്തീകരിച്ചു. ജനങ്ങള്‍ തുടര്‍ഭരണം നല്‍കി. നവ കേരളം എന്നത് ലോകോത്തര നിലവാരത്തില്‍ നമ്മുടെ നാടിനെ ഉയര്‍ത്തുക എന്നതാണെന്നും അതിലേക്കാണ് നാം എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സലാലയിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി അധികാരത്തിലിരിക്കെ എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

