
വർക്ക് ഫ്രം ഹോമിനായി അനുമതി ചോദിച്ച ജീവനക്കാരനെ രണ്ട് മിനിറ്റിനുള്ളിൽ പിരിച്ചുവിട്ട് സ്റ്റാർട്ടപ്പ് സ്ഥാപകൻ. ഗുരുഗ്രാമിലെ സ്റ്റാർട്ടപ്പ് സ്ഥാപകനാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം ചോദിച്ച ജീവനക്കാരനെ നിമിഷങ്ങള്‍ക്കകം പിരിച്ചുവിട്ടത്. വ്യാപക വിമർശനമാണ് സ്റ്റാർട്ടപ്പ് സ്ഥാപകനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സ്റ്റാർട്ടപ്പ് സ്ഥാപകർക്കുള്ള നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ദി 15 ന്റെ ഉടമയായ നിഖിൽ റാണയാണ് ജീവനക്കാരനെതിരെ വിവാദ നടപടി കൈക്കൊണ്ടത്.
ജീവനക്കാരനെ പുറത്താക്കിയ വിവരം നിഖിൽ റാണ തന്നെയാണ് വാട്ട്‌സ്ആപ്പ് സംഭാഷണത്തിൻ്റെ സ്ക്രീൻഷോട്ട് സഹിതം പുറത്തുവിട്ടത്. ലിങ്ക്ഡ്ഇന്നിലൂടെ (LinkedIn) ആണ് ഇക്കാര്യം പരസ്യമാക്കിയത്. തനിക്ക് ഓഫീസിൽ വരാൻ കഴിയില്ലെന്നും പകരം വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുമാണ് ജീവനക്കാരൻ സന്ദേശമയച്ചത്. രണ്ടു മിനിറ്റിനുള്ളിൽ തന്നെ നിങ്ങളെ പിരിച്ചുവിട്ടതായി റാണയുടെ സന്ദേശമെത്തി. ‘ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തിദിവസമായിരിക്കും’ എന്നും മെസേജിൽ പറയുന്നു.
നോട്ടീസ് പിരീഡുകളിൽ താൻ വിശ്വസിക്കുന്നില്ലെന്നും ലിങ്ക്ഡ്ഇൻ പോസ്റ്റിൽ റാണ വ്യക്തമാക്കി. ജോലിയിൽ നിന്നൊഴിവാക്കുമ്പോൾ നൽകേണ്ട നോട്ടീസ് പീരിയഡ് വെറും ‘പ്രഹസനം’ ആണെന്നും “സമയം പാഴാക്കൽ” ആണെന്നുമാണ് ഉടമയുടെ വാദം. തൻ്റെ സ്ഥാപനത്തിൽ സാഹചര്യങ്ങൾ നോക്കാതെ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിവുള്ളവരെയാണ് ആവശ്യമെന്നും ഇന്നത്തെ കാലത്ത് തൊഴിൽ നൈപുണ്യത്തേക്കാൾ പ്രാധാന്യം ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർക്കാണെന്നും റാണ പറയുന്നു.
എന്നാൽ റാണയ്ക്കെതിരെ കടുത്ത വിമർശനമാണ് ലിങ്ക്ഡ്ഇന്നിലടക്കം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘ടോക്സിക്’ (Toxic) തൊഴിൽ സംസ്കാരമാണ് ഇതെന്നും നിരവധിപ്പേർ ചൂണ്ടിക്കാട്ടി. കഴിവുകൾക്ക് പ്രാധാന്യമില്ലെന്ന് പറയുന്നത് അസംബന്ധമാണെന്നും മെഷീനുകളെപ്പോലെ ജോലി ചെയ്യുന്നവരെയല്ല സ്ഥാപനങ്ങൾക്ക് വേണ്ടതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.
ഒരാൾക്ക് ജോലി നൽകുന്നതോടെ താൻ ദൈവമാണെന്ന് കരുതിപ്പോകുന്ന ചില ഇന്ത്യൻ തൊഴിലുടമകളുടെ മനോഭാവമാണിത്, നിങ്ങൾ തെറ്റായ കാലഘട്ടത്തിലാണ് ജനിച്ചത്, ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു നിങ്ങൾ ഉണ്ടാകേണ്ടിയിരുന്നത്, കേവലം രണ്ട് ജീവനക്കാർ മാത്രമുള്ള ഒരു കമ്പനിയിലാണോ ഈ പ്രഹസനം തുടങ്ങി പരിഹാസ കമന്റുകളും ധാരാളമായി ഒഴുകിയെത്തുന്നുണ്ട്. അതേസമയം ജീവനക്കാരനെ കുറിച്ച് കൂടുതൽ വ്യക്തമല്ലാത്തതിനാൽ ഉടമയെ പൂർണ്ണമായി കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

