‘മുടിമുറി’; അടിയന്തരാവസ്ഥയിലെ ഭീകരജന്തുവായറിയപ്പെട്ട പുലിക്കോടന്‍ നാരായണന്റെ വിനോദം! പ്രഭാകരന്‍ പഴശ്ശിയുടെ ഓര്‍മയിങ്ങനെ!

എഴുപത് കോടി ജനങ്ങള്‍ക്ക് ശബ്ദിക്കാന്‍ ഒരാള്‍ മതിയെന്ന തീരുമാനം. അധികാര ദുര്‍വിനിയോഗത്തിന്റെ കറുത്ത ഏടുകളിലൊന്നായ അടിയന്തരാവസ്ഥ. ക്യാബിനറ്റ് മന്ത്രിമാര്‍ പോലുമറിയാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയും മകനും നടത്തിയ ഗൂഡാലോചനയില്‍ ഒരു രാജ്യം തന്നെ ഞെട്ടി നിന്ന രാത്രി, ജൂണ്‍ 25 അടിയന്തരാവസ്ഥ പ്രഖ്യാപനം. പ്രഖ്യാപനത്തിന് മുന്നേ തന്നെ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലഴിക്കുള്ളില്‍. ബാക്കിയുണ്ടായവര്‍ ഒളിവില്‍.. അടിയന്തരാവസ്ഥയില്‍ കേരളത്തിലെ ഒരവസ്ഥ പങ്കുവയ്ക്കുകയാണ് പ്രഭാകരന്‍ പഴശ്ശിയെന്ന അധ്യാപകന്‍.

ALSO READ: പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്കൂളിനെതിരെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം

അടിയന്തരാവസ്ഥയിലെ മുടിമുറിയെ കുറിച്ചാണ് അദ്ദേഹം വിവരിച്ചത്. അടിയന്തരാവസ്ഥയിലെ ഭീകരജന്തുവായറിയപ്പെട്ട പുലിക്കോടന്‍ നാരായണന്റെ ഒരു വിനോദമായിരുന്നു മുടിമുറി. നീളന്‍ മുടിയുമായി അപ്പിഹിപ്പി സ്‌റ്റൈലില്‍ നടക്കുന്നവര്‍ക്ക് ഇടിയും തൊഴിയും.. തീര്‍ന്നില്ല ആ മുടി മുറിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ…

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

അടിയന്തരാവസ്ഥയിലെ മുടിമുറി

അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ പോലീസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും വിളയാട്ടമായിരുന്നു. പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍. നീളന്‍ മുടിയുമായി അപ്പിഹിപ്പി സ്‌റ്റൈലില്‍ പതിവിനു വിപരീതനായ ഒരു സ്‌കൂള്‍ മാസ്റ്ററായി, ബാക്കി സമയം പാര്‍ട്ടി പ്രവര്‍ത്തനവുമായി നടക്കുകയാണ് ഞാന്‍. രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ വയ്യ. കെ.എസ്.വൈ.എഫ് മീറ്റിംഗുകള്‍ കഴിഞ്ഞ് റോഡില്‍ കയറാതെ വയലിലൂടെ പോകണം. പകലാണെങ്കിലോ പുലിക്കോടനെ പേടിച്ച് ടൗണിലിറങ്ങാനും വയ്യ. കണ്ണൂര്‍ ജില്ലയിലൊട്ടാകെ ഓടി നടന്ന് മുടി വളര്‍ത്തിയവരെ പിടി കൂടി ബാര്‍ബര്‍ ഷാപ്പിലെത്തിച്ച് സമ്മര്‍ ക്രോപ്പടിപ്പിക്കലാണ് കേവലം എസ്.ഐ. ആണെങ്കിലും അടിയന്തരാവസ്ഥയിലെ ഭീകരജന്തുവായറിയപ്പെട്ട പുലിക്കോടന്‍ നാരായണന്റെ ഒരു വിനോദം.

ഒരു ദിവസം സ്‌കൂള്‍ വിട്ട് മട്ടന്നൂരിലേക്കു പോവുകയാണ് ഞാന്‍. ആനന്ദ് ടാക്കീസ് കടന്ന് ടൗണിലേക്കു കയറുമ്പോള്‍ ചായപ്പീടികക്കാരന്‍ ബാലേട്ടന്റെ വിളി. ‘മോനേ ഇങ്ങു വാ.’ ഞാനങ്ങോട്ടു ചെന്നു. ‘അകത്തോട്ട് കയറിയിരി. പുലിക്കോടനെറങ്ങീട്ട്ണ്ട്. നിന്നെയെങ്ങാന്‍ കണ്ടാല്‍….’ മുടി പോകുക മാത്രമല്ല, ഇടി രണ്ട് കിട്ടുകയും ചെയ്യും. ബാലേട്ടന്‍ മേലോട്ടും കീഴോട്ടും രണ്ട് കീച്ചു കീച്ചി ഒരു ചായയടിച്ചു തന്നു. അതും മൊത്തിക്കൊണ്ട് ഞാനിരുന്നു. കുറച്ചു കഴിഞ്ഞ് വഴിയേ പോകുന്നവരോട് ബാലേട്ടന്‍ തിരക്കി. ‘പുലിക്കോടന്‍ പോയാ?’
‘ഇരിട്ടിക്ക് വിട്ടിട്ട്ണ്ട്….’
ഞാന്‍ പതുക്കെ പുറത്തിറങ്ങി.

അടിയന്തരാവസ്ഥയിലെ ഏറ്റവും നല്ല കാര്‍ട്ടൂണ്‍ ബോബനും മോളിയും പംക്തിയിലെ അപ്പിഹിപ്പിയുടെ ഡയലോഗാണ്. പോലീസ് സ്റ്റേഷനില്‍ച്ചെന്ന് ഹിപ്പി ചോദിക്കുകയാണ്: ‘കഴിഞ്ഞ തവണ ഇവിടന്നാ വെട്ടിയത്… ഇപ്പോ…’ ടോംസിന്റെ വരയും അതിന്റെ പിന്നിലെ എഡിറ്റോറിയല്‍ ടീമിലെ സരസന്റെ ഐഡിയയും അപാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News