
ഒരു അടിപിടിയിൽ പെട്ടാൽ അപ്പുറത്ത് നിൽക്കുന്നവന്റെ എല്ലൊടിക്കുന്നവരും ഉണ്ട്, സ്വന്തം എല്ലൊടിയാതെ ഓടി രക്ഷപ്പെടുന്നവരും ഉണ്ട്. എന്നാൽ സ്വന്തം എല്ലുകൾ ഒടിച്ച് അക്രമിയെ നേരിടുന്ന കൂട്ടരും ഈ ലോകത്ത് ഉണ്ട്. എന്താ കേട്ടപ്പോൾ ഞെട്ടിയോ ? എന്നാൽ സംഗതി സത്യം തന്നെയാണ്. സ്വന്തം എല്ലുകൾ ഓടിച്ച് ആയുധമാക്കുന്ന ഒരിനം തവളകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. മധ്യ ആഫ്രിക്കൻ മേഖലയിൽ കണ്ടുവരുന്ന ഒരിനം തവളകൾ ആണ് ഇവിടെ നായകന്മാർ. മരണ വേദന സഹിച്ചും എതിരാളിയെ കീഴ്‌പ്പെടുത്താനുള്ള അവസാന ശ്രമമായാണ് ഈ തവളകൾ തങ്ങളുടെ എല്ലുകൾ ഒടിച്ച് പുറംതൊലി തുളച്ച് പുറത്തേക്ക് വരുത്തുന്നത്.
ട്രിക്കോബാട്രാക്കസ് റോബസ്റ്റസ് എന്നാണ് ഈ തവളകളുടെ ശാസ്ത്രീയ നാമം. മാർവൽ സൂപ്പർ ഹീറോ വുൾവെറിന്റേതിന് സമാനമായ കഴിവായതിനാൽ വുൾവെറിൻ ഫ്രോഗ് എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പല തരത്തിൽ ഇരകളെ കീഴടക്കുന്നവർ ഇവിടെയുണ്ട്, അതായത് ആൾമാറാട്ടം നടത്തിയും വിഷം പുറന്തള്ളിയുമൊക്കെ ഇര പിടിക്കുന്നവർ. പക്ഷേ വുൾവെറിൻ തവളകൾ ചെയ്യുന്നത് പോലെ മറ്റൊരു ഉദഭയജീവികളും പയറ്റാറില്ല എന്ന് ഗവേഷകർ പറയുന്നു.
ആക്രമിക്കപ്പെടുന്ന നേരത്ത് നഖങ്ങളുടെ ഭാഗത്തെ പേശികളിൽ അധികം മർദ്ദം നൽകി ചുരുക്കിയാണ് ഇവ എല്ലുകൾ ഒടിച്ചെടുക്കുന്നത്. എല്ലുകളുടെ അഗ്രഭാഗം നഖം പോലെ കൂർത്ത് വിരലുകൾക്കടിയിലൂടെ വെളിയിലേയ്ക്ക് നീളും. പിടികൂടാൻ എത്തുന്ന ജീവികളുടെ മേലെ ഈ എല്ലുകൾ പ്രയോഗിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയാണ് ഇവ കണ്ടെത്തിയിരിക്കുന്ന മാർഗം. എതിരാളി തോറ്റു മടങ്ങുകയോ ഭീഷണി ഒഴിയുകയോ ചെയ്തു കഴിഞ്ഞാൽ ഈ പൊട്ടിയ എല്ലിന്റെ ഭാഗം വീണ്ടും ത്വക്കിനടിയിലേക്ക് തന്നെ മടങ്ങും. വളരെ വേഗത്തിൽ എല്ലുകൾ പൂർവ്വാവസ്ഥയിൽ ആവുകയും ചെയ്യും. സാധാരണയായി, ഉഭയജീവികൾ വളരെ വേഗത്തിൽ സുഖപ്പെടുന്നതിനാൽ ടിഷ്യു പുനഃസ്ഥാപിക്കപ്പെടും.
ALSO READ: 10 ദിവസം വെറുതെ കിടന്നാൽ 4.7 ലക്ഷം രൂപ കൈയിൽ കിട്ടും; സ്പേസ് ഏജൻസിയുടെ വ്യത്യസ്ത ജോലി ഇങ്ങനെ
നിബിഡ വനങ്ങളിൽ താമസമാക്കിയിരിക്കുന്നതിനാൽ പാമ്പുകൾ, പക്ഷികൾ തുടങ്ങിയവയിൽ നിന്നും വലിയ ഭീഷണിയാണ് വുൾവെറിൻ തവളകൾ നേരിടുന്നത്. ഇവയുടെ ശരീരം ഏറെ മൃദുലമായതുകൊണ്ടുതന്നെ അവയെ കീഴടക്കാൻ ഇരപിടിയന്മാർക്ക് പ്രത്യേക താൽപര്യവുമുണ്ട്. സ്വയം എല്ലൊടിച്ച് പ്രതിരോധിക്കുന്നത് മാത്രമല്ല വുൾവെറിൻ തവളകളുടെ പ്രത്യേകത. മറ്റു തവളകളിൽ നിന്നും വ്യത്യസ്തമായി ഇവയിലെ ആൺ വർഗത്തിന് ശരീരത്തിൽ രോമവളർച്ച ഉണ്ടാകാറുണ്ട്. പ്രജനനകാലം എത്തുന്നതോടെ ഇവയുടെ കാലുകളിലും ശരീരത്തിന്റെ വശങ്ങളിലും രോമങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങൾ കാണാം. അതുകൊണ്ട് ഹെയറി ഫ്രോഗ് എന്നും ഇവ അറിയപ്പെടുന്നു.
ഈ കാലഘട്ടത്തിൽ കൂടുതൽ സമയം വെള്ളത്തിനടിയിൽ തന്നെ ചിലവഴിക്കുന്നതിനാൽ വെള്ളത്തിൽ നിന്നും ഓക്സിജൻ സംഭരിച്ചു വയ്ക്കാൻ ത്വക്ക് വികസിച്ചു നിൽക്കുന്നതാണ് രോമങ്ങളുടെ രൂപത്തിൽ കാണപ്പെടുന്നത്. മുട്ടകൾ സംരക്ഷിക്കാനുള്ള ചുമതലയും ഇവയിലെ ആൺ വർഗത്തിനാണ്. ഇവയുടെ പിൻകാലുകൾക്ക് അസാമാന്യശക്തിയുമുണ്ട്.
പക്ഷേ വളരെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് ഇവയുടെ കടന്നുപോക്ക്. ആവാസ വ്യവസ്ഥ തകർക്കപ്പെടുന്നതും വേട്ടയാടലുമെല്ലാം മൂലം വുൾവെറിൻ തവളകളുടെ നിലനിൽപ്പിന് ഭീഷണി നേരിടുന്നു. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇവയെ വളരെയേറെ ബാധിക്കാറുണ്ട്. ഇത് ഇവയുടെ വശത്തെ ബാധിക്കുന്നത് പലതരത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

