
പാതിവില തട്ടിപ്പ് കേസിലെ പ്രതി സായി ഗ്രാമം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദ കുമാറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ല അഡിഷണൽ സെഷൻസ് കോടതിയാണ് ഹർജി മാറ്റിയത്. കണ്ണൂർ ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആനന്ദകുമാർ അടക്കം 7 പേരെ പ്രതികളാക്കി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ആനന്ദ കുമാർ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്ത കൃഷ്ണനാണ്. അതേസമയം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ആനന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ALSO READ; കോട്ടയം റാഗിങ്ങ്; കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കും : കോട്ടയം ജില്ലാ പൊലീസ് മേധാവി
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, തനിയ്‌ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രമാണെന്നും ജാമ്യം നല്‍കണമെന്നും അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം തേടി അനന്തുകൃഷ്ണന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അനന്തുകൃഷ്ണന്റേത് നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ജി എസ് ടി നമ്പര്‍ അടക്കം ഉണ്ട്. സാമ്പത്തിക കാര്യങ്ങള്‍ നടത്തുന്നത് അനന്തുകൃഷ്ണനാണെന്ന് ബൈലോയില്‍ പറയുന്നുണ്ട്. എന്നാല്‍ അനന്തു സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങിയിട്ടില്ല. സിവില്‍ കേസ് മാത്രമാണെന്നും ജാമ്യം അനുവദിക്കണമെന്നും അനന്തുകൃഷ്ണന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടന്നത് വലിയ തട്ടിപ്പാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റുകയായിരുന്നു. അതേസമയം, പാതിവില തട്ടിപ്പില്‍ ഉടന്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് ഇ ഡി തീരുമാനിച്ചതായി വിവരം പുറത്തുവന്നു. ബി ജെ പി നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here