
പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ കൂടി ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പ്രായമായെന്നും രോഗിയാണെന്നുമുള്ള പരിഗണനയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. കരീലക്കുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം.
സര്‍ദാര്‍ പട്ടേല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം. പാതിവില തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രധാന പ്രതിയായ കെഎന്‍ ആനന്ദ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളില്‍ കൂടി ജാമ്യം നേടാതെ കെഎന്‍ ആനന്ദ് കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ദേശീയ ചെയര്‍മാനാണ് കെഎന്‍ ആനന്ദ കുമാര്‍.
ALSO READ: തെരഞ്ഞെടുപ്പ് വിജയത്തിലും യുഡിഎഫില്‍ ആഭ്യന്തര കലഹം; പ്രതിപക്ഷനേതാവിനെ തള്ളി മുതിര്‍ന്ന നേതാക്കള്‍
കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെഎൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎൻ ആനന്ദകുമാറിന്റെ വാദം. എന്നാൽ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here