‘കൊറിയൻ കൊടുങ്കാറ്റായി’ അവരെത്തും; ‘ആർമി’യെ ചേർത്തുപിടിയ്ക്കാൻ, ബിടിഎസ് ‘ആർമി’യ്ക്ക് ഇന്ന് പിറന്നാൾ

ശിവദർശന ശിവദാസ്

നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സൃഷ്ടിച്ച കൊറിയൻ പോപ് ബാൻഡ് ആണ് ബിടിഎസ്. സംഗീതത്തിന്റെ വിസ്മയജാലം തീര്‍ക്കുന്ന പര്‍പ്പിള്‍ മാജിക് ആണ് അവർ കാഴ്ച വയ്ക്കുന്നത്. ജങ് കുക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍.എം. എന്നിങ്ങനെ ഏഴ് അംഗങ്ങളാണ് ബാൻഡിൽ ഉള്ളത്. പാട്ടുകളിലൂടെ അവർ പങ്കുവയ്ക്കുന്ന ആശയങ്ങൾ പലപ്പോഴും വ്യത്യസ്തമാണ്. അത് തന്നെയാണ് അവരിലേക്ക് പലരെയും അടുപ്പിക്കുന്നതും. പലരും പങ്കുവയ്ക്കാൻ മടിക്കുന്ന ആശയങ്ങളെ ആണ് അവർ അവതരിപ്പിക്കുന്നത്. തകർന്നിരിക്കുന്നവർക്ക് പലപ്പോഴും ഒരു കൈതാങ്ങാവാൻ, കാവലാവാൻ അവരുടെ ശബ്ദത്തിനും നൃത്തചുവടുകൾക്കും സാധിച്ചിട്ടുണ്ട്. തങ്ങളുടെ വളരെ മോശം അവസ്ഥയിൽ തങ്ങൾക്ക് തുണയാവാൻ അവർക്ക് കഴിഞ്ഞുവെന്ന് പലരും പ്രതികരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ബിടിഎസ് ശ്രദ്ധനേടാൻ തുടങ്ങിയത് കൊറോണ കാലത്താണ്. വീടുകളിൽ അടച്ചിരുന്ന പലർക്കും ആശ്വാസമായിരുന്നു അവരുടെ സംഗീതം. ആ വഴി പലരും കെ ഡ്രാമകളിലേക്കും ചേക്കേറി. എന്നാൽ ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി പോയപ്പോൾ ആരാധകർ ഒരു കാത്തിരിപ്പിലേക്കാണ് കടന്നത്. ആ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ജൂണില്‍ അവരെല്ലാം നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തി. ഇനി സംഗീതനാളുകളാണ്.

ALSO READ: ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് 15 ബില്യൺ; ‘അയൺ-മാൻ’ താരത്തെയും പിന്തള്ളി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ലോകത്തിന്റെ പല ഭാഗങ്ങളിലായി ആ ബോയ് ബാൻഡിനുള്ളത് ആർമി എന്ന വലിയ ആരാധക കൂട്ടായ്മയാണ്. ഇന്ന് ആ ആർമിയുടെ പിറന്നാൾ ആണ്. അതായത് – ബിടിഎസ് ഫാൻസിനെ ആദ്യമായി ആർമി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം. 2013 നാണ് ബിടിഎസ് ഫാൻസ് ഒരു ആർമിയായി വിശേഷിപ്പിക്കപ്പെട്ടത്. ലോകം മുഴുവനുള്ള ആർമി ഇന്ന് ആ ദിവസം ആഘോഷിക്കുകയാണ്. വ്യത്യസ്തവും രസകരവുമായ ബിടിഎസ് താരങ്ങളുടെ വീഡിയോകളും റീലുകളും ഫോട്ടോകളും എല്ലാം പങ്കുവച്ചുകൊണ്ടാണ് ആർമി തങ്ങളുടെ ആ സ്നേഹം പ്രകടിപ്പിയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഇതാണിപ്പോൾ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത്.

ആർമി ദിനത്തിൽ ആശംസകൾ അറിയിച്ച് ജിമനും വി യും സോഷ്യൽ മീഡിയയിൽ എത്തി. ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്ന് ഹെഡ്‌ഫോൺ ധരിച്ച് ഒരു സെൽഫി ചിത്രമാണ് ജിമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ജന്മദിനാശംസകൾ ആർമി, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, സംഗീതത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത് ഞാൻ നിങ്ങളിലേക്ക് തിരിച്ചുവരാം’ എന്നാണ് ഫോട്ടോയ്ക്കൊപ്പം ജിമിൻ കുറിച്ചത്.

പാരീസിലെ തന്റെ യാത്രാചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കിം തെയ്-ഹ്യുങ് എന്ന വിയുടെ പോസ്റ്റ്. ‘ഹാപ്പി ആർമി ഡേ. ഇന്നത്തെ ദിവസം ഏറ്റവും സന്തോഷത്തോടെ ചെലവഴിക്കൂ’ എന്നാണ് വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വി യും ജിമിനും പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“Adorable Representative M.C. for Youth” എന്നാണ് “A.R.M.Y” എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ പേരിന് പിന്നിൽ വലിയൊരു അർഥം തന്നെയുണ്ട്. “ആർമി” എന്നത് സൈന്യത്തെയും ശരീര കവചത്തെയും ആണ് സൂചിപ്പിക്കുന്നത്, ഇവ രണ്ടും എപ്പോഴും ഒരുമിച്ചിരിക്കുന്നതുപോലെ, ആരാധകരും ബിടിഎസിനൊപ്പം എന്നും ഏത് സാഹചര്യത്തിലും ഉണ്ടാകും എന്നാണ് ഈ ഫാൻഡം പേര് കൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്.

ഇവർ പാട്ടുകളിലൂടെ പങ്കുവയ്ക്കുന്ന ആശയങ്ങൾ പോലെ തന്നെ ഇവർ മുന്നോട്ടുവയ്ക്കുന്ന ഫാഷൻ ലോകത്തിനും ആരാധകർ ഏറെയാണ്. അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ഇവർ.

2022 ഡിസംബര്‍ മുതലാണ് ബിടിഎസിലെ അംഗങ്ങള്‍ മിലിറ്ററി സേവനത്തിനായി പോയത്. സ്പോടിഫൈയില്‍ മാസത്തില്‍ 25.6 മില്യണ്‍ കേള്‍വിക്കാരാണ് ഇവർക്കുള്ളത്. ഡയനമൈറ്റ്, ബട്ടര്‍, മൈ യൂണിവേഴ്സ് തുടങ്ങി നിരവധി പാട്ടുകള്‍ ബിടിഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്.

2026-ൽ പുതിയ ആൽബം പുറത്തിറക്കുമെന്നും വേൾഡ് ടൂർ നടത്തുമെന്നും ബിടിഎസ് അറിയിച്ചിട്ടുണ്ട്. വേൾഡ് ടൂറിന്റെ ഭാഗമായി ബിടിഎസ് ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മുംബൈയിൽ ഹൈബിന്റെ ഒരു ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ബി ടി എസ് ഇന്ത്യയിലേക്ക് വരുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാൻ കഴിയുന്നതല്ല. സൈനിക സേവനം കഴിഞ്ഞ് തിരികെയെത്തുന്ന മുറയ്ക്ക് ഗായകരില്‍ പലരുടെയും സോളോ ഹിറ്റുകള്‍ വന്നെങ്കിലും ബിടിഎസ് ഒന്നിച്ചെത്തുന്ന ഗാനങ്ങള്‍ക്കായാണ് ആര്‍മി കാത്തിരിക്കുന്നത്. പാട്ടുകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും അവർ തീർക്കുന്ന ആ പർപ്പിൾ മാജിക്കിനായുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ് ഇനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News