
ദേശീയപാതയിൽ ഹരിപ്പാട് രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് നിർത്തി 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. അതിസാഹസികമായി തമിഴ്നാട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ. പോണ്ടിച്ചേരിയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ ഈ കേസിലെ മുഖ്യപ്രതിയെ പൊലീസ് ആദ്യം പിടികൂടി. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോണ്ടിച്ചേരിയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള കൊല്ലിടം എന്ന ഗ്രാമത്തിൽ നിന്നും രണ്ടാമത്തെ പ്രതിയെ പിടികൂടിയത്.
ഇവരെ പിടികൂടി വാഹനത്തിൽ കൊണ്ടുവരുന്നതിനിടയിൽ പ്രതികളുടെ സുഹൃത്തുക്കൾ പിന്തുടർന്നു വരികയും വാഹനം തടഞ്ഞുനിർത്തി ബഹളം വെച്ച് വാഹനം തല്ലി തകർക്കാൻ ശ്രമിക്കുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു.
ALSO READ; ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂവാറ്റുപുഴയില്‍ യുവാവ് പിടിയില്‍
തുടർന്ന് ഇവർ ഒരു പ്രതിയെ ബലമായി പുറത്തിറക്കി കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ പോലീസ് ശക്തമായ ബലപ്രയോഗത്തിലൂടെ പ്രതിയെ കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ വിവരമറിയിക്കുകയും ജില്ലാ പോലീസ് മേധാവി തമിഴ്നാട് പൊലീസിന് വിവരം അറിയിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ചത്.
ഈ കേസിൽ നേരത്തെ രണ്ടു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞമാസം 13ന് പുലർച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ ഹരിപ്പാട് രാമപുരത്ത് വച്ച് പോലീസ് എന്ന വ്യാജേന പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപയാണ് കവർന്നത്. ഒരു സ്‌കോർപ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗ സംഘമാണ് പണം കവർന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

