
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷകൾക്കുള്ള ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏക കേന്ദ്രമായ തിരുവനന്തപുരം സെന്‍റർ ഒഴിവാക്കിയ നടപടിയിൽ ഇടപെടലുമായി അഡ്വ. ഹാരിസ് ബീരാൻ എംപി. പരീക്ഷ കേന്ദ്രം നീക്കിയതുമൂലം ആയിരക്കണക്കിന് വിദ്യാർഥികൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും പ്രയാസങ്ങളും വിവരിച്ച് എംപി ജാമിഅ മില്ലിയ വൈസ് ചാൻസിലർക്ക് കത്തയച്ചു. വിഷയത്തിൽ തിങ്കളാഴ്ച വിസിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് എംപി സർവകലാശാല അധികൃതരെ ബന്ധപ്പെടുകയും ചെയ്തു.
വർഷങ്ങളായി പരീക്ഷ കേന്ദ്രമായി കേരളത്തിൽ തിരുവനന്തപുരത്തോ കോഴിക്കോട്ടോ അനുവദിക്കാറുണ്ടെന്നും ഇത് ഒഴിവാക്കപ്പെടുന്നതോടെ ജാമിഅയിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാൻ കാത്തിരിക്കുന്ന 2000ലധികം വിദ്യാർഥികളെയാണ് ദുരിതത്തിലാക്കുകയെന്നു എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
പരീക്ഷക്ക് മാത്രമായി വിദ്യാർഥികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ വിദൂര കേന്ദ്രങ്ങളിലേക്ക് യാത്രക്ക് നാല് ദിവസം വരെ നഷ്ടമാകും. ഇതിനായി യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാർഥികൾക്കുണ്ടാകും. ഈ വിഷയങ്ങൾ പരിഹരിക്കാനയി കേരളത്തിൽ തിരുവനന്തപുരത്തോ കോഴിക്കോട്ടോ പരീക്ഷാ കേന്ദ്രം ഉടനടി പുനഃസ്ഥാപിക്കുക. ജാമിഅ പുറത്തിറക്കിയ പ്രോസ്പെക്ടിൽ ഇവ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്യുക, ഇതിനകം അപേക്ഷകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അതനുസരിച്ച് പരീക്ഷാ കേന്ദ്രം മാറ്റാൻ അനുവദിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

