
കഴുത്തറുത്ത നിലയിൽ യുവ മോഡലിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തു. ഹരിയാനയിലെ സോനെപത്തിൽ ആണ് സംഭവം. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പാനിപ്പത്തിൽ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീകൾ താമസിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.
സഹോദരിയുടെ മൊഴി അനുസരിച്ച് ശീതളിന്റെ മുൻ കാമുകൻ സുനിൽ ശാരീരികമായി പീഡിപ്പിക്കുകയും ബലമായി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ജോലിസ്ഥലത്ത് നിന്ന് ശീതൾ തന്നെ വിളിച്ചിരുന്നു. അതിന് ശേഷം സഹോദരിയെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അവർ പറയുന്നു.
ആറ് മാസം മുമ്പ് ഷൂട്ടിങ്ങിനിടെ കർണാലിലെ മോഡൽ ടൗണിലുള്ള സുകുൻ എന്ന ഹോട്ടലിൽ ശീതൾ താമസിച്ചിരുന്നപ്പോഴാണ് സുനിലുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മിൽ അടുപ്പത്തിലായി, ഏതാനും മാസങ്ങൾക്കുള്ളിൽ സുനിൽ ശീതളിനോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ ഇതിനകം വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അവൾ മനസ്സിലാക്കി. ഇതിനെത്തുടർന്ന്, ശീതൾ വിവാഹാഭ്യർത്ഥന നിരസിച്ചു, ഹോട്ടലിൽ താമസിക്കുന്നത് നിർത്തി, ഷൂട്ടിംഗ് ഉപേക്ഷിച്ചു. എന്നിരുന്നാലും, സുനിൽ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here