
വയനാട് ദുരന്ത ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും സംഭാവന നൽകരുതെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷം, ഫണ്ട് വിനിയോഗത്തെ കുറിച്ച് ആശങ്ക പടർത്തുകയാണിപ്പോൾ. ലഭിച്ച 773 കോടി എവിടെ പോയി എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം. സിഎംഡിആർഎഫ്ൻ്റെ വെബ്സൈറ്റിൽ കൃത്യമായ കണക്കുകൾ ലഭ്യമാണെന്നിരിക്കെയാണ് ഈ കുപ്രചരണം.
Also read: കോഴിക്കോട് പെരുവയൽ ഒമ്പതര കുന്നിൽ തീ പിടിത്തം; അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി
വയനാടിനായി എത്ര രൂപ ലഭിച്ചുവെന്നോ അതെങ്ങനെയൊക്കെ ചെലവഴിച്ചുവെന്നോ കണക്കില്ല എന്നാണ് പ്രചരണം. എന്നാൽ ലഭിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കൃത്യമായ കണക്ക് വെബ്സൈറ്റിൽ ലഭ്യമാണ്. വയനാടിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ആകെ ലഭിച്ചത് 773. 9 8 കോടി രൂപയാണ് അത് കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനാൽ മറ്റൊരാവശ്യത്തിനും ഈ തുക ചെലവഴിക്കാൻ ആവില്ല. ചെലവാക്കിയ പണത്തിന്റെ ഇനംതിരിച്ചുള്ള കണക്കും വെബ്സൈറ്റിൽ വിശദമായി ലഭ്യമാണ്.
ടൗൺഷിപ്പിനായി സ്ഥലം വാങ്ങിയ വകയിൽ എൽസ്റ്റൺ എസ്‌റ്റേറ്റിന് കോടതി നിർദേശ പ്രകാരം നൽകിയത് 43.56 കോടി രൂപ, ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് പറഞ്ഞ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകിയ വകയിൽ 13.91 കോടി രൂപ, കരാറുകാരന് മൊബിലൈസേഷൻ അഡ്വാൻസായി നൽകിയത് 39.8 കോടി, ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളാൻ കേന്ദ്രം വിസമ്മതിച്ചപ്പോൾ സംസ്ഥാനം വായ്പ അടച്ചു തീർത്ത വകയിൽ 18.76 കോടി രൂപ, കുടുംബശ്രീ വായ്പകളുടെ പലിശയിനത്തിൽ നൽകിയത് 1.94 കോടി, ദുരന്തബാധിതർക്ക് ചികിത്സ ലഭ്യമാക്കിയ വകയിൽ 6 കോടി രൂപ, രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായമായി നൽകിയത് 2 കോടി രൂപ, എൽസ്റ്റൺ എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയത് 77.55 ലക്ഷം, ദുരന്ത ബാധിതർക്ക് വാടകയിനത്തിൽ 50 ലക്ഷം, കൂടാതെ ഓരോ ദുരന്തബാധിതനും പ്രതിദിന ആശ്വാസ ധനമായി 300 രൂപ വച്ച് മാസങ്ങളോളം സർക്കാർ നൽകി. കൂടാതെ ആയിരം രൂപയുടെ ഭക്ഷ്യ കൂപ്പണും ഓരോ കുടുംബത്തിനും എല്ലാ മാസങ്ങളിലും നൽകി.
Also read:ഭൂകമ്പത്തിൽ വിറച്ച് നാട്; ഇന്തോനേഷ്യയിലെ സുമത്ര ദ്വീപിൽ വീണ്ടും ഭൂകമ്പം
അങ്ങനെ ഇതുവരെ ചെലവാക്കിയത് 165.87 കോടി രൂപയാണെന്ന് വെബ്സൈറ്റിൽ കാണാം. ടൗൺഷിപ്പിൻ്റെയടക്കം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കരാറുകാരന് നൽകാനുള്ള തുക കൂടി നൽകും. റവന്യു സെക്രട്ടറി ഇറക്കുന്ന ഉത്തരവ് മുഖേന മാത്രമേ തുക സിഎംഡിആർഎഫിൽ നിന്ന് നൽകാനാവൂ. നിശ്ചിത തുകയുടെ മുകളിലാണെങ്കിൽ മന്ത്രിസഭയ്ക്കേ പണം അനുവദിക്കാനാകൂ. മന്ത്രിസഭാ തീരുമാനപ്രകാരമേറവന്യൂ സെക്രട്ടറി സർക്കാർ ഉത്തരവ് ഇറക്കൂ.
സിഎംഡിആർഎഫും അതിലെ പ്രത്യേക വിഭാഗമായ വയനാട് ദുരന്ത ഫണ്ടും എത്രമാത്രം സുതാര്യമാണെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തം. മറ്റൊരാവശ്യത്തിനും വയനാട് ദുരന്ത ഫണ്ട് ചിലവഴിക്കാനാവില്ല എന്നിരിക്കെയാണ് വകമാറ്റുന്നു എന്ന് ആരോപിച്ച് പുകമറ സൃഷ്ടിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


