മുഖക്കുരുവിനെ അത്ര നിസാരമായി കാണരുത്; ഡോക്ടർ പറയുന്ന കാരണങ്ങളും ചികിത്സാരീതികളും അറിയാം

acne treatment

മുഖക്കുരു വന്നാൽ പലർക്കും വലിയ ബുദ്ധിമുട്ടാണ്. ചിലർ ആണെങ്കിൽ അതിനെ മാറ്റാനായി പല വഴികളാണ് തേടുന്നത്. ആയുർവേദവും അലോപ്പതിയും ഹോമിയോയും എന്നുവേണ്ട സകല വഴികളും പരീക്ഷിക്കും. എന്നാൽ മുഖത്തുണ്ടായ കുരുവിന്റെ രീതി അനുസരിച്ച് അതിനെ മരുന്ന് വഴിയും മാറ്റാമെന്ന് പറയുകയാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ തൊക്കുരോഗ വിഭാഗം പ്രൊഫസർ ഡോക്ടർ മേരി വിനീത. മാത്രമല്ല ആരൊക്കെയാണ് ചികിത്സ തേടേണ്ടത് എന്നും മുഖക്കുരുവിന്റെ കാരണങ്ങൾ എന്താണെന്നും ഡോക്ടർ പറയുന്നു.

ആരാണ് ചികിത്സ തേടേണ്ടത്?

ഹോർമോൺ വ്യതിയാനങ്ങൾ ആരംഭിക്കുന്ന 10-11 വയസ്സ് മുതൽ ഏകദേശം 35 വയസ്സ് വരെ മുഖക്കുരു സജീവമായി കാണാറുണ്ട്. ചിലരിൽ 25 വയസ്സിന് ശേഷം ആദ്യമായി മുഖക്കുരു വരാം, ഇതിനെ ‘ലേറ്റ് ഓൺസെറ്റ് ആക്നി’ (Late-onset acne) എന്ന് വിളിക്കുന്നു. ഈ സാഹചര്യങ്ങളിൽ വിദഗ്ദ്ധമായ ചികിത്സ അത്യാവശ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

മുഖക്കുരുവിന്റെ വിവിധ തരങ്ങൾ തീവ്രത അനുസരിച്ച് മുഖക്കുരുവിനെ നാലായി തരംതിരിക്കാം:

  1. ബ്ലാക്ക് ഹെഡ്‌സ് (Comedones): ഏറ്റവും തീവ്രത കുറഞ്ഞവ.
  2. പാപുലാർ ആക്നി: കുറച്ചുകൂടി തടിപ്പുള്ളവ.
  3. പഴുത്ത കുരുക്കൾ.
  4. നോഡുലോ സിസ്റ്റിക് ആക്നി: ഏറ്റവും തീവ്രത കൂടിയ കട്ടിയുള്ള മുഴകൾ

മുഖക്കുരുവിന്റെ കാരണങ്ങൾ

  • ജനിതകം: മാതാപിതാക്കൾക്ക് മുഖക്കുരു ഉണ്ടെങ്കിൽ മക്കൾക്കും വരാൻ സാധ്യത കൂടുതലാണ്.
  • ഹോർമോണും ബാക്ടീരിയയും: ഹോർമോൺ വ്യതിയാനം മൂലം സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി സെബം (എണ്ണമയം) ഉൽപ്പാദിപ്പിക്കുകയും ഇതിൽ ‘ക്യൂട്ടി ബാക്ടീരിയ ആക്നെ’ എന്ന ബാക്ടീരിയ പ്രവർത്തിക്കുകയും ചെയ്യുന്നത് മുഖക്കുരുവിന് കാരണമാകുന്നു.
  • ജീവിതശൈലി: അമിതവണ്ണം, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, മധുരപദാർത്ഥങ്ങൾ എന്നിവ മുഖക്കുരു വർദ്ധിപ്പിക്കും.
  • പി.സി.ഓ.ഡി (PCOD): പെൺകുട്ടികളിൽ കാണപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് മുഖക്കുരുവിന്റെ തീവ്രത കൂട്ടുന്നു

യുവജനങ്ങൾക്കിടയിൽ ഗൂഗിളിലോ യൂട്യൂബിലോ നോക്കി സ്വയം ചികിത്സ നടത്തുന്ന പ്രവണത കൂടിവരികയാണെന്ന് ഡോ. മേരി വിനീത ചൂണ്ടിക്കാട്ടുന്നു. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കടകളിൽ നിന്ന് വാങ്ങി പുരട്ടുന്ന ക്രീമുകൾ പലപ്പോഴും ഓയിലി ആയിരിക്കും, ഇത് മുഖക്കുരു കൂടാൻ കാരണമാകും. ഇതുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ഒരു പഠനം നടന്നുവരികയാണെന്നും ഡോക്ടർ അറിയിച്ചു.

ALSO READ: പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിൽ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണോ സൂക്ഷിക്കുന്നത് ? ഉള്ളിലേക്കെടുക്കുന്നത് വിഷമാണ്

തീവ്രത അനുസരിച്ച് മുഖക്കുരുവിനെ നാലായി തരംതിരിക്കാം. തുടക്കത്തിൽ തന്നെ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണുന്നത് കലകൾ ഒഴിവാക്കാൻ സഹായിക്കും.

  1. മരുന്നുകൾ: പെൻസോയൽ പെറോക്സൈഡ് പോലുള്ള ക്രീമുകൾ, ഡോക്സിസൈക്ലിൻ, ഐസോട്രെനോയിൻ തുടങ്ങിയ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകുന്നു.
  2. നൂതന ചികിത്സകൾ: പാടുകൾ മാറ്റാൻ കെമിക്കൽ പീലിംഗ് (Chemical Peel) ലഭ്യമാണ്.
  3. സർജിക്കൽ രീതികൾ: ആഴത്തിലുള്ള സ്കാറുകൾ കുറയ്ക്കാൻ സബ്സിഷൻ, മൈക്രോനീഡിലിംഗ്, പി.ആർ.പി (PRP), ഓട്ടോലോഗസ് ഫാറ്റ് ട്രാൻസ്പ്ലാന്റ് തുടങ്ങിയ സർജിക്കൽ രീതികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭ്യമാണെന്ന് ഡോക്ടർ അറിയിച്ചു

മുഖക്കുരു കേവലം ഒരു ചർമ്മപ്രശ്നം മാത്രമല്ല, അത് കൗമാരക്കാരുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചേക്കാം എന്നതിനാൽ കൃത്യമായ സമയത്ത് ചികിത്സ ഉറപ്പാക്കണമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News