അനസ്തേഷ്യയെ പേടിക്കേണ്ട; രോഗികൾ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ

anesthesia

ഏതെങ്കിലും വലിയ ശസ്ത്രക്രിയ നടത്തുന്നതിന്, ഒരു രോഗിയെ വൈദ്യശാസ്ത്രപരമായി പ്രേരിപ്പിച്ച കോമയിൽ നിർത്തേണ്ടത് അത്യാവശ്യമാണ്. ഒരു രോഗിക്ക് ബോധം നഷ്ടപ്പെടുന്ന വേദനസംഹാരിയുടെ അവസ്ഥയാണ് ജനറൽ അനസ്തേഷ്യ. അനസ്തേഷ്യ ചെയ്ത തലച്ചോറിന് വേദനയുടെ സിഗ്നലുകൾ ലഭിക്കാത്തതിനാൽ രോഗി വേദനയില്ലാത്ത ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ആവശ്യമാണ്. അനസ്തേഷ്യ യുമായി ബന്ധപ്പെട്ട് പലർക്കും ഇപ്പോഴും പേടിയും ആശങ്കകളും നിലനിൽക്കുന്നുണ്ട്. എന്നാൽ കൃത്യമായ ചെക്കപ്പുകൾക്ക് ശേഷമാണ് രോഗിക്ക് അനസ്തേഷ്യ നൽകുന്നതെന്ന് പറയുകയാണ് വർക്കല ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. പല്ലവി ജി.

ഒരു ഓപ്പറേഷനായി നിശ്ചയിക്കപ്പെട്ട രോഗിയെ കണ്ട് വിലയിരുത്തി, ആവശ്യമായ ലാബ് പരിശോധനകളും ശാരീരിക പരിശോധനകളും നടത്തി, ഫലങ്ങളെല്ലാം വിലയിരുത്തി, തുടർന്ന് അനസ്തേഷ്യ പ്ലാൻ ചെയ്യുന്ന പ്രക്രിയയാണ് പ്രീ അനസ്തീഷ്യ ചെക്കപ്പ് അഥവാ അനസ്തീഷ്യ പൂർവ്വ പരിശോധന. ഈ പരിശോധനയിൽ രക്തപരിശോധനകൾ, ഇസിജി, എക്സ്റേ, മറ്റ് ഇമേജിങ് പരിശോധനകൾ എന്നിവ ഉൾപ്പെടുന്നു. ആവശ്യമെങ്കിൽ മറ്റ് സ്പെഷ്യലിസ്റ്റുകളുമായുള്ള കൺസൾട്ടേഷനുകളും ഇതിൽപ്പെടും.

അനസ്തീഷ്യ ഡോക്ടർ ഈ പരിശോധനകൾ നടത്തുന്നത് രോഗിയുടെ വിവിധ ശാരീരിക വ്യവസ്ഥകളുടെ ക്ഷമത അളക്കാനും, ഹൃദയത്തിന്റെയും രക്തസംക്രമണ വ്യവസ്ഥയുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം വിലയിരുത്താനുമാണ്. രോഗിക്ക് മറ്റ് രോഗങ്ങൾ (ഉദാഹരണത്തിന് ജീവിതശൈലി രോഗങ്ങൾ) ഉണ്ടെങ്കിൽ അതിന്റെ നിലവിലെ അവസ്ഥയും മുന്നോട്ടുള്ള ചികിത്സയും തീരുമാനിക്കാനും ഇത് സഹായിക്കുന്നു.

ശസ്ത്രക്രിയകൾ രണ്ടുതരത്തിലുണ്ട്: മുൻകൂട്ടി നിശ്ചയിച്ച ഇലക്ടീവ് ശസ്ത്രക്രിയകളും അടിയന്തര സ്വഭാവമുള്ള എമർജൻസി ശസ്ത്രക്രിയകളും. ഈ രണ്ട് സാഹചര്യങ്ങളിലും അനസ്തീഷ്യ പൂർവ്വ പരിശോധന എന്നത് ഒഴിവാക്കാൻ ആവാത്ത ഒന്നാണ്. എങ്കിലും എമർജൻസി ശസ്ത്രക്രിയകളിൽ ഇത് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടി വരാറുണ്ട്.

രോഗികൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:

അനസ്തീഷ്യ പൂർവ്വ പരിശോധനയിൽ ഡോക്ടർ പ്രധാനമായും രോഗിയുടെ രോഗചരിത്രം വിലയിരുത്തും. രോഗികൾ നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:

  1. മുൻപ് ഉണ്ടായിട്ടുള്ള അസുഖങ്ങൾ: പ്രമേഹം, ഹൈപ്പർടെൻഷൻ (രക്തസമ്മർദ്ദം), ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങളുടെ പൂർവ്വ ചരിത്രം ഡോക്ടറെ കൃത്യമായി അറിയിക്കണം.
  2. മരുന്നുകളുടെ വിശദാംശങ്ങൾ: നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഏറ്റവും പുതിയ കുറിപ്പടികൾ, ഡോസുകൾ, മറ്റ് സ്പെഷ്യലിസ്റ്റുകൾ നൽകിയ മരുന്നുകളുടെ വിവരങ്ങൾ എന്നിവ കയ്യിലുള്ള രേഖകൾ സഹിതം ഡോക്ടറെ കാണിക്കണം.
  3. മരുന്നിലെ മാറ്റങ്ങൾ: പ്രമേഹമുള്ള രോഗികളിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഷുഗർ അളവ് കൂടുതലാണെങ്കിൽ, മരുന്നുകൾ വ്യത്യാസപ്പെടുത്തുകയോ ഇൻസുലിൻ തുടങ്ങുകയോ ചെയ്യേണ്ടി വരും. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചില മരുന്നുകൾ സർജറിക്ക് മുമ്പ് നിർത്തിവെക്കേണ്ടി വരാം.
  4. ഫാസ്റ്റിങ്: ഇലക്ടീവ് സർജറിയുടെ അനിവാര്യമായ ഭാഗമാണ് ഉപവാസം. കരഭക്ഷണത്തിന് ആറ് മണിക്കൂറും, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരത്തിന് എട്ട് മണിക്കൂർ വരെയും ഉപവസിക്കാൻ ആവശ്യപ്പെടാറുണ്ട്. മയക്കം തരുമ്പോൾ ഭക്ഷണമോ വെള്ളമോ ശ്വാസനാളത്തിൽ കയറി സങ്കീർണതകൾ ഉണ്ടാവാതിരിക്കാനാണ് ഇത്.

ഡോക്ടർ സിസ്റ്റമിക് എക്സാമിനേഷൻ വഴി ശാരീരികാവസ്ഥ വിലയിരുത്തും. അനസ്തേഷ്യക്ക് പ്രാധാന്യമുള്ള എയർവേ എക്സാമിനേഷൻ (ശ്വാസനാള പരിശോധന) നടത്തും. വെപ്പ് പല്ലുകൾ, ഇളകുന്ന പല്ലുകൾ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണം. റുട്ടീൻ ലാബ് പരിശോധനകളിൽ ഹീമോഗ്ലോബിൻ, കിഡ്നി ഫങ്ഷൻ ടെസ്റ്റ് (RFT), ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT), രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തം കട്ട പിടിക്കാനുള്ള ടെസ്റ്റുകൾ എന്നിവ സാധാരണയായി ഉൾപ്പെടുന്നു. ഉയർന്ന പ്രായമുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും ഇസിജി, എക്കോ പരിശോധനകൾ, കാർഡിയോളജിസ്റ്റിന്റെ വിലയിരുത്തൽ എന്നിവ ആവശ്യപ്പെടാറുണ്ട്.

ALSO READ: മുലപ്പാലിൽ യുറേനിയം സാന്നിധ്യം; ആശങ്കയുയർത്തി ബീഹാറിൽ നിന്നുള്ള പഠനം

കുട്ടികൾക്ക് ജനറൽ അനസ്തേഷ്യയും (പൂർണമായും ബോധം കെടുത്തി) റീജണൽ അനസ്തേഷ്യയും (ഒരു പ്രത്യേക ഭാഗം മാത്രം മരവിപ്പിക്കുക) നൽകാൻ സാധിക്കും. എന്നാൽ തീരെ ചെറിയ കുഞ്ഞുങ്ങളിൽ റീജണൽ അനസ്തേഷ്യയ്ക്ക് രോഗിയുടെ സഹകരണം ആവശ്യമായതു കൊണ്ട് പലപ്പോഴും ജനറൽ അനസ്തേഷ്യ തന്നെയാണ് ആശ്രയിക്കേണ്ടി വരുന്നത്.

കുട്ടികളിലെ ശാരീരിക വ്യവസ്ഥകളുടെ പ്രവർത്തനവും മരുന്നുകളുടെ ഡോസുകളും മുതിർന്നവരുടേതിൽ നിന്നും വ്യത്യസ്തമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ചുമ, പനി, ജലദോഷം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അനസ്തേഷ്യ ഡോക്ടറെ അറിയിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് ശ്വാസതടസ്സം (ബ്രോങ്കോസ്പാസം) പോലുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുട്ടികളിൽ വളരെ അധികമാക്കുന്നു.

അനസ്തേഷ്യയെ ഭയക്കേണ്ട ആവശ്യമില്ലെന്ന് ഡോ. പല്ലവി വ്യക്തമാക്കുന്നു. ആധുനിക കാലത്ത് അനസ്തീഷ്യ കൂടുതൽ സുരക്ഷിതമാണ്. പുതിയ പരിശോധനകൾ, കൂടുതൽ സുരക്ഷിതമായിട്ടുള്ള മരുന്നുകൾ, വളരെ കൃത്യമായിട്ടുള്ള മോണിറ്ററിങ്, കൃത്യമായിട്ടുള്ള ശസ്ത്രക്രിയാനന്തര പരിചരണം എന്നിവ നൽകാൻ സാധിക്കുന്നുണ്ട്.

സാങ്കേതികവിദ്യ ഏറ്റവും കൃത്യമായി ഉപയോഗപ്പെടുത്തുന്ന ഒരു ശാസ്ത്രശാഖയാണ് അനസ്തീഷ്യോളജി. സർക്കാർ ആശുപത്രികളിൽ താലൂക്ക് തലം മുതൽ മെഡിക്കൽ കോളേജുകൾ വരെ ശസ്ത്രക്രിയ സേവനങ്ങൾ ലഭ്യമാണ്. ഹൃദയ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സങ്കീർണമായ സർജറികൾക്കും മാതൃശിശു സംരക്ഷണത്തിന്റെ ഭാഗമായി സിസേറിയന് വേണ്ടിയുള്ള അനസ്തേഷ്യയും നിലവിൽ സർക്കാർ സംവിധാനത്തിൽ നൽകി പോരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News