
വിവാഹമെന്നത് ഒരു ആഘോഷം തന്നെ ആണ്. അതിന് വ്യത്യസ്തത കൊണ്ടുവരാൻ ആകും എല്ലാവരും ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി പകൽ സമയങ്ങളിലെ വിവാഹത്തിന്റെ എണ്ണം കുറയുകയാണ്. രാത്രിയിൽ ഉടനീളമുള്ള ആഘോഷമാണ് വിവാഹത്തെ വലിയ ആഘോഷമാക്കി മാറ്റുന്നത്. അതിനൊപ്പമുള്ള ഉറക്കക്കുറവും മദ്യപാനവും ആകുമ്പോഴേക്കും പലരുടെയും ‘കിളി’ പോയിരിക്കും. അടുത്തിടെ നടന്ന ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നൽകിയ ഐവി ഡ്രിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിവാഹത്തിനെത്തിയ അതിഥികളെല്ലാവരും ഐവി ഡ്രിപ്പുകള്‍ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം.
വിവാഹത്തിൽ പങ്കെടുത്തവരുടെ ഹാംഗ്ഓവർ ലക്ഷണങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ് IV ഡ്രിപ്പുകൾ നൽകിയത്. ഈ ‘IV ഡ്രിപ്പ് ബാർ’ സജ്ജമാക്കിയത് ഡൽഹിയിലെ ഒരു സ്‌കിൻ, ഹെയർ, സൗന്ദര്യ ക്ലിനിക്കാണ്. വിവാഹത്തിൽ പങ്കെടുത്തവർക്ക് ഇലക്ട്രോലൈറ്റുകളും വിറ്റാമിൻ സിയും നൽകി റീഹൈഡ്രേഷൻ നൽകിയെന്നും, കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളിൽ മദ്യം കഴിക്കാത്തവർക്ക് ഗ്ലൂട്ടാത്തയോൺ വാഗ്ദാനം ചെയ്‌തെന്നും ക്ലിനിക്ക് അവകാശപ്പെട്ടു.
ALSO READ: അനസ്തേഷ്യയെ പേടിക്കേണ്ട; രോഗികൾ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ
ഹൈഡ്രേഷൻ, ഊർജ്ജം വർദ്ധിപ്പിക്കൽ, അല്ലെങ്കിൽ ഹാംഗ്ഓവറിൽ നിന്നുള്ള വീണ്ടെടുക്കൽ എന്നിവയ്‌ക്കെല്ലാം IV ഡ്രിപ്പുകൾ തൽക്ഷണ പരിഹാരങ്ങളായി പലപ്പോഴും വിപണനം ചെയ്യപ്പെടുന്നുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും, പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും വേണ്ടിയുള്ള ചേരുവകളും (വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, ധാതുക്കൾ) സൗന്ദര്യ വ്യവസായത്തിൽ ഇത് പ്രോത്സാഹിപ്പിക്കുന്നു.
വിവാഹത്തിലെ ഒരു ചാട്ട് കൗണ്ടർ പോലെ ലളിതമോ അത്യാവശ്യമോ ആയി IV ഡ്രിപ്പുകളെ കാണരുതെന്ന് ആണ് വിദഗ്ദർ പറയുന്നത്. ഫോർട്ടിസ് ഗ്രേറ്റർ നോയിഡയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടറായ ഡോ. ദിനേഷ് കുമാർ IV ഡ്രിപ്പുകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. “31 വർഷത്തിലധികം ഇന്റേണൽ മെഡിസിനിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ, IV ഡ്രിപ്പുകൾ എല്ലാവർക്കും, പ്രത്യേകിച്ച് ഹാംഗ്ഓവറിന്, ഒരു പെട്ടെന്നുള്ള പരിഹാരമല്ല എന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയും,” ഡോ. കുമാർ പറഞ്ഞു. IV ഡ്രിപ്പുകൾക്ക് മദ്യം ശരീരത്തിലുണ്ടാക്കിയ കേടുപാടുകൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ശരീരം നിർജ്ജലീകരണം ആകുന്നത്, ഇലക്ട്രോലൈറ്റുകൾ അസന്തുലിതമാകുന്നത്, ശരിയായ ഉറക്കം ലഭിക്കാത്തത് എന്നിവയെല്ലാം ഹാംഗ്ഓവർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ആണ്. ഒരു IV ഡ്രിപ്പിന് പെട്ടെന്ന് റീഹൈഡ്രേറ്റ് ചെയ്യാനും കുറച്ച് ഇലക്ട്രോലൈറ്റുകൾ പുനഃസ്ഥാപിക്കാനും സാധിക്കും. എന്നാൽ, അത് കരളിലോ, വയറ്റിലോ, തലച്ചോറിലോ മദ്യമുണ്ടാക്കിയ ആഘാതം ഇല്ലാതാക്കില്ല.
നല്ലതാണ് എന്ന് കരുതി ചെയ്യുന്നത് എല്ലാം എപ്പോഴും നല്ലത് ആവണം എന്നില്ല. അതുപോലെ തന്നെ ആണ് ഐവി ഡ്രിപ്പുകൾ. ഇവയ്ക്ക് നിരവധി പാർശ്വഫലങ്ങളോ അപകടസാധ്യതകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ശരിയായ ശുചിത്വം പാലിച്ചില്ലെങ്കിൽ, കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾക്ക്, കൂടുതൽ ദ്രാവകം ലഭിക്കുന്നത് ഫ്ലൂയിഡ് ഓവർലോഡിനും അതുമായി ബന്ധപ്പെട്ട സങ്കീർണതകൾക്കും കാരണമാകും. തെറ്റായ രീതിയിൽ IV ഡ്രിപ്പ് നൽകുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് വഴിവെച്ചേക്കാം.
“ലളിതമായി പറഞ്ഞാൽ, IV ഡ്രിപ്പുകൾ ചില ആളുകളെ സുഖപ്പെടുത്താൻ സഹായിച്ചേക്കാം, പക്ഷേ ഇതൊരു മാന്ത്രിക ചികിത്സയല്ല, വൈദ്യോപദേശമില്ലാതെ സാധാരണയായി ഉപയോഗിക്കേണ്ട ഒന്നുമല്ല,” എന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

