
കായികക്ഷമത വർദ്ധിപ്പിക്കാനും ബോഡി ബിൽഡിങ്ങിനുമായി വ്യായാമം ചെയ്യുന്നവർക്കിടയിൽ ഇന്ന് ഏറ്റവും പ്രചാരമുള്ള സപ്ലിമെന്റാണ് ക്രിയേറ്റീൻ. എന്നാൽ, ശാസ്ത്രീയമായ അറിവില്ലാതെ ഇത് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രശസ്ത ലൈഫ്സ്റ്റൈൽ വിദഗ്ധനായ ലൂക്ക് കുട്ടീഞ്ഞോയാണ് ക്രിയേറ്റീൻ ഉപയോഗിക്കുമ്പോൾ സാധാരണയായി സംഭവിക്കുന്ന അപകടകരമായ പിഴവുകളെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്.
ശരിയായ പ്രായത്തിൽ, ശരിയായ വ്യക്തികൾ, കൃത്യമായ അളവിൽ ഉപയോഗിച്ചാൽ മാത്രമേ ക്രിയേറ്റീൻ ഫലം നൽകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ക്രിയേറ്റീൻ ഉപയോഗിക്കുന്നവർ വരുത്തുന്ന 4 പ്രധാന തെറ്റുകൾ ഇവയാണ്:
- ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
ക്രിയേറ്റീൻ ശരീരത്തിലെ പേശികളിലേക്ക് വെള്ളം വലിച്ചെടുത്താണ് പ്രവർത്തിക്കുന്നത്. അതിനാൽ ക്രിയേറ്റീൻ കഴിക്കുമ്പോൾ ശരീരത്തിൽ ജലാംശം കുറവാണെങ്കിൽ അത് വൃക്കകൾക്ക് വലിയ തോതിൽ ആയാസമുണ്ടാക്കും. ക്രിയേറ്റീൻ ഉപയോഗിക്കുന്നവർ സാധാരണ കുടിക്കുന്നതിനേക്കാൾ ചുരുങ്ങിയത് അര ലിറ്റർ മുതൽ ഒരു ലിറ്റർ വരെ അധികം വെള്ളം കുടിക്കണം. നിർജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയിൽ ഈ സപ്ലിമെന്റ് കഴിക്കുന്നത് ഒഴിവാക്കണം
ALSO READ : ജീരകത്തിലുമുണ്ടോ ‘ഡ്യൂപ്ലിക്കേറ്റ്’? മായം കലർന്ന ജീരകം തിരിച്ചറിയാൻ ഇതാ ചില എളുപ്പവഴികൾ - കിഡ്‌നി പരിശോധനയിൽ വരുത്തുന്ന വീഴ്ച
ആരോഗ്യമുള്ള വ്യക്തികളിൽ ക്രിയേറ്റീൻ സുരക്ഷിതമാണെങ്കിലും, വൃക്കസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ നേരത്തെ ഉള്ളവർക്ക് ഇത് അപകടകരമാണ്. സപ്ലിമെന്റ് തുടങ്ങുന്നതിന് മുൻപ് വൃക്കയുടെ പ്രവർത്തനം കൃത്യമാണോ എന്ന് പരിശോധിക്കണം. കൂടാതെ, ക്രിയേറ്റീൻ കഴിക്കുന്ന സമയത്ത് രക്തപരിശോധന നടത്തുമ്പോൾ ‘ക്രിയാറ്റിനിൻ’ അളവ് ഉയർന്നതായി കാണപ്പെട്ടേക്കാം. ഇത് തെറ്റായ ലാബ് റിപ്പോർട്ടുകൾക്കും ആശങ്കകൾക്കും കാരണമായേക്കാം എന്നതിനാൽ ഡോക്ടറുടെ നിരീക്ഷണം അത്യാവശ്യമാണ്. - ഡോക്ടറുടെ ഉപദേശം തേടാതിരിക്കുക
നേരത്തെ തന്നെ വൃക്കരോഗങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർ ഒരു വിദഗ്ധ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ക്രിയേറ്റീൻ കഴിക്കരുത്. സപ്ലിമെന്റുകൾ എടുക്കുന്ന വിവരം ഡോക്ടറെ അറിയിക്കാതിരിക്കുന്നത് നിലവിലുള്ള അസുഖങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ കാരണമാകും. - ഗുണനിലവാരമില്ലാത്ത സപ്ലിമെന്റുകൾ തിരഞ്ഞെടുക്കൽ
വില കുറഞ്ഞ ബ്രാൻഡുകൾ തേടിപ്പോകുന്നത് പലപ്പോഴും ആരോഗ്യത്തെ ബാധിക്കാറുണ്ട്. പല സപ്ലിമെന്റുകളിലും ഹാനികരമായ ഫില്ലറുകളും ഹെവി മെറ്റലുകളും അടങ്ങിയിട്ടുണ്ടാകാം. ‘തേർഡ് പാർട്ടി ടെസ്റ്റിംഗ്’ പൂർത്തിയാക്കിയ, വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്നുള്ള ‘ക്രിയേറ്റീൻ മോണോഹൈഡ്രേറ്റ്’ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
ശരിയായ രീതിയിൽ പിന്തുടർന്നാൽ മികച്ച ഫലം നൽകുന്ന ഒന്നാണ് ക്രിയേറ്റീൻ. എന്നാൽ അശ്രദ്ധമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ തകിടം മറിക്കുമെന്നും ലൂക്ക് കുട്ടീഞ്ഞോ ഓർമ്മിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

