
കണ്ണ് തുടിക്കുമ്പോൾ നല്ലതെന്തോ സംഭവിക്കാനാണെന്നും അതല്ല വരാനിരിക്കുന്ന സങ്കടത്തിന്റെ ലക്ഷണമാണെന്നും വിശ്വസിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ വൈദ്യശാസ്ത്രപരമായി ഇതിനെ ‘മയോകൈമിയ’ (Myokymia) എന്നാണ് വിളിക്കുന്നത്. ഇതൊരു സാധാരണ ന്യൂറോളജിക്കൽ ലക്ഷണമാണെന്നും മിക്കപ്പോഴും ഇത് നിരുപദ്രവകരമാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും ദീർഘനേരം കണ്ണ് തുടിക്കുന്നത് അവഗണിക്കരുത്. നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ ചില പിഴവുകളാണ് പ്രധാനമായും കൺപോളകളിലെ പേശികളുടെ ഈ അനിയന്ത്രിതമായ ചലനത്തിന് പിന്നിൽ.
അമിതമായ മാനസിക സമ്മർദ്ദമാണ് കണ്ണ് തുടിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നമ്മൾ വലിയ പിരിമുറുക്കത്തിലൂടെ കടന്നുപോകുമ്പോൾ കൺപോളകളിലെ ചെറിയ പേശീ ഗ്രൂപ്പുകൾ തെറ്റായി പ്രതികരിക്കാൻ തുടങ്ങും. ഇതിന് പുറമെ ഉറക്കക്കുറവും ശാരീരിക ക്ഷീണവും കണ്ണിന് ചുറ്റുമുള്ള പേശികളെ തളർത്തുകയും തുടിപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം കണ്ണുകൾക്കുണ്ടാകുന്ന ആയാസവും ഒരു പ്രധാന വില്ലനാണ്. കഫീൻ അടങ്ങിയ ചായ, കാപ്പി, എനർജി ഡ്രിങ്കുകൾ എന്നിവയുടെ അമിത ഉപയോഗം നാഡികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും പേശീ സങ്കോചമുണ്ടാക്കുകയും ചെയ്യുന്നു. എയർ കണ്ടീഷൻ ചെയ്ത മുറികളിലെ ജോലി, കോൺടാക്റ്റ് ലെൻസ് ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന കണ്ണിലെ വരൾച്ചയും കണ്ണ് തുടിക്കാൻ കാരണമാകാറുണ്ട്.
ALSO READ : ആര്‍ യു എ ഹെല്‍ത്തി കുട്ടന്‍ ? തിരിച്ചറിയാൻ ഈ ഒരു ശീലം മാത്രം പരിശോധിച്ചാൽ മതി
മഗ്നീഷ്യം പോലുള്ള പോഷകങ്ങളുടെ കുറവ്, അലർജികൾ, അപൂർവ്വമായി കാണുന്ന ‘ബെനിൻ എസ്സെൻഷ്യൽ ബ്ലെഫറോസ്പാസം’ തുടങ്ങിയ ന്യൂറോളജിക്കൽ അവസ്ഥകൾ എന്നിവയും കണ്ണ് തുടിപ്പിലേക്ക് നയിക്കാം. തുടിപ്പ് ആഴ്ചകളോളം നീണ്ടുനിൽക്കുകയോ, കൺപോളകൾ അനിയന്ത്രിതമായി അടഞ്ഞുപോവുകയോ, മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വലിച്ച് വട്ടുന്നത് പോലെ തോന്നുകയോ ചെയ്താൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടണം. കണ്ണ് ചുവന്ന് വീർക്കുകയോ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുകയോ ചെയ്താലും ജാഗ്രത പാലിക്കേണ്ടതുണ്ട്.
കണ്ണ് തുടിപ്പ് തടയാൻ ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. കമ്പ്യൂട്ടറിലോ ഫോണിലോ ജോലി ചെയ്യുന്നവർ 20-20-20 നിയമം പാലിക്കുന്നത് ഉചിതമാണ് (ഓരോ 20 മിനിറ്റിലും 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക). കഫീൻ ഉപയോഗം കുറയ്ക്കുന്നതും ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതും ഗുണകരമാണ്. കണ്ണുകൾക്ക് വിശ്രമം നൽകാൻ ഇടയ്ക്കിടെ ചെറുചൂടുള്ള തുണി കൊണ്ട് കണ്ണിന് മുകളിൽ വയ്ക്കുന്നതും കണ്ണിലെ വരൾച്ച മാറ്റാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും ഈ അവസ്ഥയ്ക്ക് ആശ്വാസം നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

