
എന്തൊക്കെ ആഘോഷങ്ങൾ വന്നാലും മദ്യത്തിന്റെ കൂട്ടുപിടിക്കുന്നവർ ഏറെയാണ്. മദ്യപിക്കുമ്പോൾ ഉണ്ടാകുന്ന പ്രശനങ്ങൾ പോലെ തന്നെയാണ് മദ്യപിച്ചതിന് ശേഷമുള്ള ദിവസം ഉണ്ടാകുന്നവയും. കഠിനമായ തലവേദനയും ശാരീരിക അസ്വസ്ഥതകളും ആയിരിക്കും ആ ദിവസം പലരെയും അലട്ടുന്നത്. എന്നാൽ ഇതിനൊപ്പം തന്നെ അകാരണമായ ഭയമോ, നാണക്കേടോ, ഉത്കണ്ഠയോ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ നിങ്ങൾ നേരിടുന്നത് ‘ഹാങ്‌സൈറ്റി’ (Hangxiety) എന്ന അവസ്ഥയാകാം
‘ഹാങ്ഓവർ ആങ്‌സൈറ്റി’ എന്നതിന്റെ ചുരുക്കരൂപമാണ് ഹാങ്‌സൈറ്റി എന്ന് പറയുന്നത്. ഏകദേശം 22 ശതമാനം മദ്യപാനികളിലും ഇത്തരമൊരു തോന്നൽ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മദ്യം നമ്മുടെ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതാണ് ഇതിന് കാരണം.
മദ്യപിക്കുമ്പോൾ ശരീരത്തിൽ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (GABA) വർദ്ധിക്കുകയും ഇത് ശരീരത്തിന് ആശ്വാസവും ശാന്തതയും നൽകുകയും ചെയ്യുന്നു. ഒപ്പം ഗ്ലൂട്ടാമേറ്റ് കുറയുന്നതിലൂടെ ചിന്തകൾ മന്ദഗതിയിലാകുന്നു. ഇതാണ് മദ്യപിക്കുമ്പോൾ ആളുകൾ കൂടുതൽ സംസാരിക്കാനും സൗഹൃദപരമായി പെരുമാറാനും കാരണം.
ALSO READ: ആഘോഷങ്ങൾക്കിടയിൽ ഹൃദയം ‘തകരരുത്’; എന്താണ് ‘ഹോളിഡേ ഹാർട്ട് സിൻഡ്രോം’?
എന്നാൽ മദ്യത്തിന്റെ ലഹരി ഇറങ്ങുന്നതോടെ ഈ പ്രക്രിയ നേരെ വിപരീതമാകുന്നു. തലച്ചോർ പെട്ടെന്ന് ഉത്തേജിക്കപ്പെടുകയും ഇത് കടുത്ത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യുന്നു. തലേദിവസം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാത്തത് ഈ മാനസികാവസ്ഥയുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
ഹാങ്ഓവർ സമയത്ത് ഉണ്ടാകുന്ന കഠിനമായ തലവേദന, ഛർദ്ദി എന്നിവയ്‌ക്കൊപ്പം മാനസികമായ അസ്വസ്ഥതകളും ആണ് ഇതിന്റെ ലക്ഷണങ്ങൾ. ഉറക്കക്കുറവ്, നിർജ്ജലീകരണം എന്നിവ ഇതിന് ആക്കം കൂട്ടും. കൂടാതെ, ജനിതക ഘടകങ്ങളും ശരീരം മദ്യത്തെ എങ്ങനെ പ്രോസസ് ചെയ്യുന്നു എന്നതിനെ സ്വാധീനിക്കുന്നുണ്ട്. സാധാരണ ജീവിതത്തിൽ ഉത്കണ്ഠാ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഹാങ്‌സൈറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഹാങ്‌സൈറ്റി കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മദ്യപാനം പരിമിതപ്പെടുത്തുക എന്നത് തന്നെയാണ്. ഈ അവസ്ഥയെ മറികടക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
- നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കുന്നത് ശാരീരിക വീണ്ടെടുപ്പിന് സഹായിക്കും.
- പോഷകഗുണമുള്ള ലഘുഭക്ഷണം കഴിക്കുകയും മതിയായ വിശ്രമം എടുക്കുകയും ചെയ്യുക.
- ഉത്കണ്ഠ കുറയ്ക്കാൻ മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ (Breathing exercises) എന്നിവ പരീക്ഷിക്കാം.
- വിഷമങ്ങൾ അടുത്ത സുഹൃത്തിനോട് പങ്കുവെക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

