
എൽഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്. കോവിഡിനോടൊപ്പം നിപ, മങ്കിപോക്‌സ്, സിക തുടങ്ങിയ പകര്‍ച്ചവ്യാധികളും സമാനതകളില്ലാത്ത വെല്ലുവിളികളാണ് സൃഷ്ടിച്ചത്. ആ വെല്ലുവിളികളെ സുശക്തമായി നേരിട്ട് ദേശീയ തലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തില്‍ 50ലേറെ പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. ഈ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. കാസ്പ്, കാരുണ്യ ബനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവവഴി 5 വര്‍ഷം കൊണ്ട് 24.78 ലക്ഷം പേര്‍ക്ക് ആകെ 8425 കോടിയുടെ സൗജന്യ ചികിത്സ നല്‍കി
വികസിത രാജ്യങ്ങളിലെ നിലവാരത്തിലേക്കുയരാന്‍ ആരോഗ്യ മേഖലയ്ക്കായി. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ഈ കാലഘട്ടത്തില്‍ ലഭിച്ചു. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനമാണ്. അമേരിക്കയേക്കാളും കുറഞ്ഞ ശിശുമരണ നിരക്കില്‍ കേരളമെത്തി. പാലിയേറ്റീവ് കെയര്‍ രംഗത്ത് വിജയകരമായ മാതൃകയാണ് കേരളത്തിന്റേതെന്ന് ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.
ആരോഗ്യ രംഗത്ത് പല മേഖലകളിലും മുന്നിലുള്ള കേരളം ആ സ്ഥാനത്ത് നിന്നും വീണ്ടും കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ചികിത്സാ രംഗത്ത് നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോട് കൂടി കൂടുതല്‍ മികവുറ്റതും ജനകീയമാക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ തുടക്കമിട്ടിട്ടുണ്ട്. റോബോട്ടിക് സര്‍ജറി, പൂര്‍ണമായി ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്ക് ചലന ശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ജി ഗൈറ്റര്‍, ബ്ലഡ് ബാഗ് ട്രീസബിലിറ്റി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, അപൂര്‍വ രോഗങ്ങള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം, കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും വിലകുറച്ച് നല്‍കുന്ന കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി. സ്റ്റേറ്റ് വണ്‍ ഹെല്‍ത്ത് സെന്റര്‍, കെ സിഡിസി, നിപ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എ.എം.ആര്‍. പ്രതിരോധത്തിന് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 4 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി ലഭ്യമാക്കി. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ 21 നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്‌സിംഗ് കോളേജും യാഥാര്‍ത്ഥ്യമാക്കി. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ഉള്‍പ്പെട്ടു. മെഡിക്കല്‍, നഴ്‌സിംഗ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. മികച്ച സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കാണാവുന്നതാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം (ബ്രെയിന്‍ തീനി അമീബയില്‍ നിന്നുണ്ടാകുന്നത്) മൂലം ആഗോളതലത്തില്‍ മരണനിരക്ക് 97 ശതമാനം ആകുമ്പോള്‍ കേരളത്തില്‍ അത് 25 ശതമാനം മാത്രമാണ്. കാരണം ഏര്‍ലി ഡിറ്റക്ഷന്‍: രോഗം ആദ്യം കണ്ടുപിടിക്കുന്നു. ചികിത്സിക്കുന്നു. വിദഗ്ധ കമ്മറ്റി രൂപീകരിച്ച് രോഗനിര്‍ണയത്തിന് ഗൈഡ് ലൈന്‍ ഇറക്കി. ചികിത്സയ്ക്ക് പ്രോട്ടോക്കോളും. മരുന്ന് ലഭ്യത ഉറപ്പാക്കി. ചികിത്സ സൗകര്യം കേരളത്തില്‍ ഒരുക്കി. (ഇന്ത്യയില്‍ 2 സ്ഥലങ്ങളില്‍ മാത്രമാണ് ലാബ് സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോള്‍ കേരളത്തിലും ഒരുക്കി).
നിപ രോഗബാധയില്‍ മരണനിരക്ക് ലോകത്ത് ആദ്യമായി 33% ആയി കുറച്ച് കേരളം. 2023ല്‍ ആഗോള നിപ മരണനിരക്ക് 70നും 90 നും ഇടയില്‍. സര്‍ക്കാര്‍ ചെയ്തത് പരിശോധന സൗകര്യം കേരളത്തില്‍ ഒരുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പരിശോധന ലാബ് സൗകര്യം വികേന്ദ്രീകരിച്ചു. രോഗം കണ്ടുപിടിക്കാന്‍ പ്രത്യേകം ഗൈഡ് ലൈന്‍ ഇറക്കി. ആന്റി വൈറല്‍ മരുന്ന് ലഭ്യത ഉറപ്പാക്കി.
ഏറ്റവും അധികം ഭീഷണിയായ കോവിഡ് രണ്ടാം തരംഗത്തെയും മൂന്നാം തരംഗത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിനായി. ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കാതെ ലോക്ക് ഡൗണ്‍ ഒഴിവാക്കിയുള്ള സ്ട്രാറ്റജിയാണ് സംസ്ഥാനം ആവിഷ്‌കരിച്ചത്. ഫലപ്രദമായ സൗജന്യ വാക്‌സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയായി. ഏറ്റവും അവസാനം കോവിഡ് മരണനിരക്ക് കൃത്യമായി കേരളം രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
Also Read- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി
നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളെ സാധാരണക്കാരന്റെ ആശ്രയകേന്ദ്രം ആക്കുന്നതിനൊപ്പം ഭാവിയെ മുന്നില്‍ക്കണ്ട് ആരോഗ്യ മേഖലയെ വികസിപ്പിക്കാനും നമുക്ക് കഴിഞ്ഞു. പൊതുജനാരോഗ്യരംഗത്ത് നാം ഒന്നാമതായി തുടരുന്നുവെന്ന് ദേശീയ നീതി ആയോഗ് സുസ്ഥിര വികസന സൂചികകളില്‍ മികച്ച സ്ഥാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അടിസ്ഥാന സൂചികകളായ ഏറ്റവും കുറവ് മാതൃ, ശിശുമരണനിരക്കുള്ള ഇടമായി തുടരുന്നു എന്ന് മാത്രമല്ല ദേശീയ കുടുംബാരോഗ്യ സര്‍വ്വേകളില്‍ നമ്മുടെ നിരക്കുകള്‍ നാം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നത് കാണാന്‍ കഴിയും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കൊണ്ടുവരാന്‍ ഈ കാലയളവില്‍ നമുക്ക് സാധിച്ചു. മികച്ച സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


