
കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ അർധ സെഞ്ച്വറിയിലേക്ക് ചുവടു വെച്ച് കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെൻ്റ് ആശുപത്രി. ആശുപത്രിയിൽ ഇതുവരെ 49 കാൽമുട്ട് മാറ്റിവെക്കലും, മൂന്ന് ഇടുപ്പെല്ല് മാറ്റി വെക്കലും വിജയകരമായി നടന്നു കഴിഞ്ഞു. ആരോഗ്യ വിദഗ്ദരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സങ്കീർണ്ണമായ ശസ്ത്രക്രിയകളടക്കം ആശുപത്രിയിൽ നടന്നത്.
സ്വകാര്യ ആശുപത്രികളിൽ രണ്ടര ലക്ഷം രൂപ വരെ ചിലവ് വരുന്ന കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് സ്വകാര്യ മേഖലയെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് ശതമാനം കുറവിലും ഇവിടെ നടത്താനാകും.
അണുബാധ സാധ്യത ഏറെയുള്ളതും, ഒരു മണിക്കൂറിലധികം നീളുന്നതുമായ ഈ ശസ്ത്രക്രിയ ആഴ്ച്ചയിൽ ഒരിക്കൽ മാത്രമാണിവിടെ നടത്തുന്നത്. ശസ്ത്രക്രിയക്ക് വിധേയനാകുന്ന വ്യക്തിക്ക് മൂന്നാഴ്ച്ചകൊണ്ട് സുഗമമായി നടക്കാൻ കഴിയും. അഞ്ച് ശതമാനം വരെ പരാജയ സാധ്യതയുണ്ടെങ്കിൽ കൂടി നാളിതുവരെ നടത്തിയ ശസ്ത്രക്രിയകൾ ഇതുവരെ പരാജയപെട്ടിട്ടില്ല. തീരമേഖലയിലെ ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി മികച്ച ആരോഗ്യ സുരക്ഷയാണ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

