
ഭക്ഷണത്തിൽ കൂടിയാലും കുറഞ്ഞാലും നമ്മൾ പ്രശ്നമുണ്ടാക്കാറുള്ള ഒന്നാണ് ഉപ്പ് അഥവാ സോഡിയം. പലപ്പോഴും ആളെ നമ്മൾ ഒരു വില്ലനായിട്ടാകും ചിത്രീകരിക്കുക. എന്നാൽ ഉപ്പിനെ പൂർണമായി ഒഴിവാക്കിയാലോ ? പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. ദിമിത്രി യാരനോവ് പറയുന്നത് നോക്കിയാലോ ?
നമ്മുടെ ശരീരത്തിലെ നാഡീപ്രവർത്തനങ്ങൾക്കും പേശികളുടെ സങ്കോചത്തിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും സോഡിയം അത്യാവശ്യമാണ്. പക്ഷെ ചില പ്രത്യേക ശാരീരിക അവസ്ഥകളുള്ളവർ ഉപ്പിനെ അൽപ്പം ഒന്ന് അകറ്റി നിർത്തുന്നതാണ് നല്ലത്. അത്തരത്തിൽ ഉപ്പിനെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യങ്ങൾ പറയാം.
ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ രോഗികളിൽ അമിതമായ ഉപ്പ് ഉപയോഗം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കാൻ ഇടയാക്കും. ഇത് ശ്വാസംമുട്ടലിനും ഹൃദയത്തിന്റെ ജോലിഭാരം വർധിപ്പിക്കാനും കാരണമാകും. ഇത്തരം രോഗികൾക്ക് ഉപ്പ് ഒരു ‘വിഷം’ പോലെ ആകും പ്രവർത്തിക്കുക എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
മൂന്നോ നാലോ തരം മരുന്നുകൾ കഴിച്ചിട്ടും രക്തസമ്മർദം കുറയാത്ത അവസ്ഥയുള്ളവർക്ക് ഉപ്പ് ഭീഷണിയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉപ്പ് ഉപയോഗിക്കുന്നത് നിങ്ങൾ കഴിക്കുന്ന ആ മരുന്നുകളുടെ ഫലം ഇല്ലാതാക്കാൻ കാരണമാകും.
ALSO READ: ചുണ്ട് നോക്കിയാൽ അറിയാം ഹാർട്ട് സേഫ് ആണോന്ന് ! എങ്ങനെയാണെന്ന് അല്ലെ ?
വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലായ ആളുകൾക്ക് ശരീരത്തിൽ നിന്ന് അധികമുള്ള സോഡിയം പുറന്തള്ളാൻ കഴിയില്ല. ഇത് രക്തസമ്മർദം വർധിപ്പിക്കുകയും വൃക്കകളുടെ അവസ്ഥ കൂടുതൽ വഷളാക്കാൻ ഇടയാക്കുകയും ചെയ്യും.
കരൾ സംബന്ധമായ രോഗങ്ങളുള്ളവർ, പ്രത്യേകിച്ച് സിറോസിസ് ഉള്ളവർ ഉപ്പ് നിയന്ത്രിക്കണം. ഇല്ലെങ്കിൽ വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന ‘അസ്സൈറ്റിസ്’ എന്ന അവസ്ഥയിലേക്ക് ഇത് നയിക്കാം. ആന്തരിക അവയവങ്ങളിലെ രക്തസമ്മർദം വർധിപ്പിക്കാൻ ഇത് കാരണമാകും.
പ്രായം കൂടുന്തോറും നമ്മുടെ രക്തധമനികളുടെ ഇലാസ്തികത കുറഞ്ഞു വരും. 25 വയസുള്ളപ്പോൾ ശരീരം സോഡിയത്തെ കൈകാര്യം ചെയ്യുന്നതുപോലെയല്ല ഒരാളുടെ വാർധക്യത്തിൽ അവ ചെയ്യുന്നത്. അതിനാൽ മുതിർന്ന പൗരന്മാർ ഉപ്പിന്റെ ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തണം.
ഉപ്പ് മനുഷ്യരാശിയെ നശിപ്പിക്കാനായി ഉണ്ടായ ഒന്നല്ല, മറിച്ച് ശരിയായ അളവിൽ ഉപയോഗിക്കേണ്ട ഒന്നാണ്. എന്നാൽ മേൽപ്പറഞ്ഞ അസുഖങ്ങളുള്ളവർക്ക് ഉപ്പ് കേവലം ഒരു രുചിക്കൂട്ടല്ല, മറിച്ച് രോഗത്തെ മൂർച്ഛിപ്പിക്കുന്ന ഇന്ധനമാണെന്ന് ഡോ. യാരനോവ് ഓർമ്മിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


