
തൈറോയ്ഡ് പ്രശ്നങ്ങൾ പലരെയും ബാധിക്കുന്ന ഒന്നാണ്. ഭക്ഷണശീലങ്ങളിലെ മാറ്റങ്ങൾ ചിലപ്പോൾ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് കാരണമായി മാറാറുണ്ട്. ഭക്ഷണങ്ങളിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാവധാനത്തിലാക്കുകയും ഹോർമോണിന്റെ ആഗിരണം തടയുകയും ചെയ്യും. അതുകൊണ്ടു തന്നെ ഭക്ഷണത്തിൽ അല്പം ശ്രദ്ധ വേണ്ടത് ആവശ്യമാണ്.
വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് നല്ലതല്ല. സംസ്കരിച്ച മാവ് (refined flour) ആണ് വൈറ്റ് ബ്രഡ് ഉണ്ടാക്കാൻ ആയിട്ടുപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ ഫൈബറോ പോഷകങ്ങളോ ഒന്നുമില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ട്രെസ്സ് മെറ്റബോളിസവും കൂട്ടുകയാണ് ചെയ്യുക. മിക്ക ബ്രഡുകളിലും അഡിറ്റീവ്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ ബാധിക്കും. മുഴുധാന്യ ബ്രഡും ഗ്ലൂട്ടൻ ഫ്രീ ബ്രഡും നല്ലതാണ്. ഹഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗാവസ്ഥയുള്ളവർക്ക് പ്രത്യേകിച്ചും ഗ്ലൂട്ടൻ ചിലപ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകാൻ കാരണമാകും.
ഉരുളക്കിഴങ്ങ് വറുത്തത്
ഉരുളക്കിഴങ്ങ് വറുത്തത് (ഫ്രഞ്ച് ഫ്രെയ്‌സ് പോലുള്ളവ) തൈറോയ്ഡിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇതിൽ ധാരാളം അയൊഡൈസ്ഡ് ഉപ്പ് ഉണ്ട്. പക്ഷെ ഇവിടെ വില്ലൻ ഇതിൽ അടങ്ങിയ ട്രാൻസ്ഫാറ്റുകളും റിഫൈൻഡ് ഓയിലും ആണ്. ഇത് അയഡിനെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. അയഡിൻ ആണ് ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ തൈറോയ്ഡ് ആശ്രയിക്കുന്ന ഒന്ന്. ഇടയ്ക്കിടെ ഇവ കഴിക്കുന്നത് ശരീരഭാരം കൂടാനും കാരണമാകും. തൈറോയ്ഡിന്റെ പ്രവർത്തനം സാവധാനത്തിലായിരിക്കുമ്പോൾ ഇത് കൂടുതൽ മെറ്റബോളിക് പ്രഷറിനും കാരണമാകുന്നു.
നിലക്കടല
നിലക്കടലയിൽ ഗോയിട്രോജനുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ സിന്തസിസിൽ ഇടപെടുന്ന സംയുക്തങ്ങളാണ്. തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവിനെ വീണ്ടും കുറയ്ക്കും. വല്ലപ്പോഴും ചെറിയ അളവിൽ നിലക്കടല കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ ദിവസവും പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നത് അയഡിൻ ആഗിരണം ചെയ്യാനുള്ള തൈറോയ്ഡിന്റെ കഴിവിനെ തടസ്സപ്പെടുത്തും.
കാബേജ്, കോളിഫ്ലവർ
തൈറോയ്ഡ് രോഗികൾ കാബേജ്, കോളിഫ്ലവർ എന്നിവ പച്ചയ്ക്കോ കൂടുതൽ അളവിലോ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവയിൽ തയോസൈനേറ്റുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ അയഡിനുമായി പോരാടും. ക്രമേണ ഇത് ഹോർമോൺ അസന്തുലനത്തിനും വീക്കത്തിനും കാരണമാകും. എന്നാൽ ആവിയിൽ വേവിച്ചോ, തിളപ്പിച്ചോ, വറുത്തോ ഇവ പാചകം ചെയ്തു കഴിക്കുന്നതുകൊണ്ട് കാര്യമായ കുഴപ്പമില്ല.
കാപ്പി
കാപ്പി തൈറോയ്ഡ് ഹോർമോണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. തൈറോയ്ഡിന്റെ മരുന്ന് കഴിച്ചയുടനെ കാപ്പി കുടിക്കുന്നത് ഫലപ്രാപ്തി കുറയ്ക്കും. കാപ്പിയിലടങ്ങിയ കഫീൻ, സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുന്ന ഒന്നാണ്. ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യും. മരുന്ന് കഴിച്ച് 30 മുതൽ 45 മിനിറ്റ് കഴിഞ്ഞതിനു ശേഷം ആയിരിക്കണം കാപ്പി കുടിക്കേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

