
ഐസ്ക്രീം പൊതുവെ എല്ലാവർക്കും ഇഷ്ടമാണല്ലേ. നല്ല തണുപ്പത്തും കോരിച്ചൊരിയുന്ന മഴയിലുമെല്ലാം ഐസ്ക്രീം കഴിക്കാൻ ഇഷ്ടമുള്ള ചിലരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടാകും. പക്ഷേ ചില സമയങ്ങളിൽ ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എപ്പോഴൊക്കെയാണ് ഐസ്ക്രീം കഴിക്കാതിരിക്കേണ്ടത് എന്ന് നോക്കാം.
- തൊണ്ടവേദന, ചുമ പോലുള്ള രോഗങ്ങളുള്ളപ്പോൾ ഐസ്‌ക്രീം കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
- ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോഴും ഐസ്ക്രീം ഒഴിവാക്കണം.
- ഛർദിയോ വയറിളക്കമോ ഉള്ളപ്പോഴും ഐസ്ക്രീം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. കൊഴുപ്പേറിയ ഐസ്ക്രീം വേണ്ടവിധം ദഹിച്ചുവെന്നുവരില്ല.
- ദന്തരോഗങ്ങളുള്ളവരും ഐസ്ക്രീമിനോട് നോ പറയണം. ഐസ്ക്രീം എപ്പോൾ കഴിച്ചാലും വായ നന്നായി കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഐസ്ക്രീമിലെ മധുരം പല്ലുകളിൽ തങ്ങി നിന്ന് അവയെ വേഗം ക്ഷയിപ്പിക്കും. പല്ലിനു കേടുള്ളവർ ഐസ്ക്രീം കഴിച്ച് വായ കഴുകിയില്ലെങ്കിൽ കേട് ഗുരുതരമാകും.
- പ്രമേഹരോഗികൾ ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല, ഐസ്ക്രീമിൽ കൂടിയ അളവിൽ കൊഴുപ്പും മധുരവും അടങ്ങിയിട്ടുണ്ട്.
- ഗർഭകാലങ്ങളിൽ ഐസ്‌ക്രീം കഴിക്കുന്നത് ഗുണകരമല്ല, ശരീരത്തിൽ പഞ്ചാസരയുടെ അളവ് വർധിപ്പിക്കുകയും ശരീരം ഭാരം കൂട്ടുകയും ചെയ്യും.
- ശരീരഭാരം കുറയ്ക്കാൻ ഡയറ്റൊക്കെ നോക്കുന്നവരാണെങ്കിൽ ഐസ്ക്രീം ഒഴിവാക്കുന്നതാണ് ഉത്തമം. ഐസ്‌ക്രീമുകളിൽ കലോറി കൂടതലാണ്, അതുകൊണ്ട് തന്നെ ശരീരത്തിലെ കൊഴുപ്പ് ഇത് വർധിപ്പിക്കുന്നു. വേണ്ടത്ര കായികാധ്വാനമില്ലാത്തവരിൽ ഐസ്ക്രീം അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടും.
- കൊഴുപ്പും കാലറിയും നിറഞ്ഞ ഭക്ഷണം കഴിച്ചശേഷം അതിന്റെ കൂടെ ഐസ്ക്രീം ഒന്നിൽ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.
- ഐസ്‌ക്രീം കഴിച്ച ഉടൻ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

