
കനത്ത മഴയിലും കാറ്റുള്ള കാലാവസ്ഥയിലും നമ്മൾ സ്ഥിരം പറയുന്ന പല്ലവിയാണ് മഴയും ചായയും. എന്നാൽ ആ രീതി മാറ്റി മഴയും സാലഡുമായാലോ? മഴക്കാലത്തത് രുചികരവും ആരോഗ്യകരവുമായ ഒരു മറാത്തി സാലഡ് ഉണ്ടാക്കി നോക്കാം. കക്ഡി കി കോഷിംബീർ എന്ന കുക്കുമ്പർ സാലഡ്. കുളിർമയേകുന്ന വെള്ളരിക്കയും നിലക്കടലയുമാണ് ഈ സലാഡിലെ പ്രധാന ചേരുവകൾ. മറാത്തിയിൽ കക്ഡി എന്നാൽ വെള്ളരിക്ക എന്നും കോഷിംബീർ എന്നാൽ സാലഡ് എന്നുമാണ് അർത്ഥം.
സാലഡ് ഉണ്ടാക്കുവാനുള്ള ചേരുവകൾ
2 കപ്പ് അരിഞ്ഞ വെള്ളരിക്ക
¼ കപ്പ് വറുത്തതും തൊലികളഞ്ഞതും ഏകദേശം പൊടിച്ചതുമായ നിലക്കടല
¼ കപ്പ് പുതിയ തേങ്ങ ചിരകിയത്
¼ കപ്പ് അരിഞ്ഞ മല്ലിയില
1 നാരങ്ങ നീര്
1 നന്നായി മൂപ്പിച്ച പച്ചമുളക്
ഉപ്പ്
മാതളനാരങ്ങ (വേണമെങ്കിൽ)
1-2 ടേബിൾസ്പൂൺ എണ്ണ
½ ടീസ്പൂൺ കടുക്
ഒരു നുള്ള് കായം
1 പച്ചമുളക് അരിഞ്ഞത്
4-5 കറിവേപ്പില
ALSO READ: ഡിന്നറിന് ചപ്പാത്തിക്ക് മാവ് കുഴച്ച് കഷ്ടപ്പെടേണ്ട; ഞൊടിയിടയില്‍ ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ
തയ്യാറാക്കുന്ന വിധം
വെള്ളരിക്ക കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു മിക്സിംഗ് ബൗളിൽ അരിഞ്ഞ വെള്ളരിക്ക, വറുത്ത നിലക്കടല, തേങ്ങാ ചെരുകിയത്, പച്ചമുളക്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, തുടർന്ന് പച്ചമുളക്, കറിവേപ്പില, ഒരു നുള്ള് കായം എന്നിവ ചേർക്കുക. തയ്യാറാക്കിയ വെള്ളരിക്ക ബൗളിലേക്ക് എണ്ണയിൽ വറുത്ത ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക. വിളമ്പുന്നതിന് തൊട്ടുമുമ്പ് മല്ലിയില, മാതളനാരങ്ങ എന്നിവ അരിഞ്ഞ് ഉപ്പ് ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ കക്ഡി കി കോഷിംബീർ തയ്യാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here