
കനത്ത മഴയില്‍ കര്‍ണാടകയിൽ മംഗളൂരുവിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനിടയിലായി. റോഡിലെങ്ങും വെള്ളം പൊങ്ങിയത് കാരണം നഗരത്തില്‍ എല്ലായിടത്തും മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടായി. മാംഗ്ലൂര്‍ സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിലെ അപാകതയാണ് മഴക്കാലത്ത് നഗരം വെള്ളത്തിനടിയിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ് മംഗലാപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും പെയ്യുന്നത്. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. പമ്പ് വെല്‍, കൊടിയാല്‍ഗുത്ത്, കൊട്ടാര, പടീല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. അത്താവറില്‍ മെസ്‌കോമിനടുത്ത് മതില്‍ ഇടിഞ്ഞ് വീണ് ഓവുചാല്‍ അടഞ്ഞത് വെള്ളപ്പൊക്കത്തിന് ഇടയാക്കി. കനത്ത മഴയില്‍ മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം നിര്‍ത്തിയിട്ട ട്രെയിനിന് മേലെ വീണ് പ്ലാറ്റ്‌ഫോമില്‍ നിന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
പടീലില്‍ റെയില്‍വേ പാളത്തിലേക്ക് മരവും മണ്ണും വീണത് കൊങ്കണ്‍ പാത വഴിയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ എഞ്ചിനിയറിങ് വിഭാഗം തൊഴിലാളികള്‍ പാളത്തിലെ തടസ്സങ്ങള്‍ മാറ്റാനുള്ള ജോലികള്‍ ചെയ്തു വരികയാണ്. അപകടത്തെ തുടര്‍ന്ന് ശനിയാഴ്ചത്തെ മഡ്ഗോണ്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ സൂറത്കല്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. രണ്ടാമത്തെ പാത വഴി ട്രെയിനുകള്‍ കടത്തി വിടുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ളതും തിരിച്ചുള്ളതുമായ നിരവധി ട്രെയിനുകള്‍ വൈകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here