
കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം. മൂന്ന് വാഹനങ്ങൾ ഒഴുകി പോയി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി മാവിലിൽ വാഹനം ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. മേഖലയിൽ മൂന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ടുപേർ മരണപ്പെടുകയും ഒരാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടന്ന മുപ്പത്തിയഞ്ചോളം പേരെ ഒമാൻ പൊലീസും സിവിൽ ഡിഫൻസും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. വീടിനുള്ളിൽ വെള്ളം കയറി കുടുങ്ങിപ്പോയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും അധികൃതർ രക്ഷപ്പെടുത്തി. തെക്കൻ മബെലയിൽ വീടിനുള്ളിൽ കുടുങ്ങിയ 13 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സീബ് വിലായത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് രണ്ടുപേരെ പൊലീസ് രക്ഷപ്പെടുത്തി.
Also read: പ്രശ്നമാണ്…: വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം
മസ്‌കറ്റ്, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന എന്നിവിടങ്ങളിൽ ഉച്ചയോടെ മഴ ശക്തമായിരുന്നു. വടക്കൻ-തെക്കൻ ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലും മഴ തുടരുകയാണ്. ശക്തമായ കാറ്റും ഇടിമിന്നലും മഴയോടൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
സുരക്ഷ കണക്കിലെടുത്ത് ബൗഷർ – അമറാത്ത് മലയോര പാത താത്കാലികമായി അടച്ചിരിക്കുകയാണ്. ഈ മാസം 30 വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

