
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതിയുടെ പ്രതികരണം. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയാണെന്നാണ് പ്രതി നൗഷാദ് പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും അങ്ങനെയാണ് മൂന്നുപേരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടതെന്നുമാണ് വീഡിയോയിലൂടെ നൗഷാദ് പറയുന്നത്. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും തിരിച്ചുവന്നാൽ ഉടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും വീഡിയോയില്‍ പറയുന്നു. ഹേമ ചന്ദ്രൻറെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
അതേസമയം ശരീരത്തിലേറ്റ ഗുരുതര പരിക്കുകളാണ് മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിന് സമീപം മായനാട്ടുനിന്ന് ഒന്നരവർഷംമുമ്പാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കണാതായത്. കോഴിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചേരമ്പാടി ഉൾവനത്തിലെ ചതുപ്പുനിലത്താണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ബത്തേരി മാടാക്കര പനങ്ങാർ വീട് ജ്യോതിഷ് കുമാർ (35), വെള്ളപ്പന പള്ളുവാടി ബി എസ് അജേഷ് (27) എന്നിവർ പിടിയിലായി.
ALSO READ: അരി ഇല്ല എന്നല്ല, കേരളത്തിന് നൽകില്ല എന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്: എം വി ഗോവിന്ദൻ മാസ്റ്റർ
ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജ് മായനാടിനടുത്ത് നടപ്പാലത്ത് വാടകവീട്ടിലായിരുന്നു താമസം. 2024 മാർച്ച് 20 മുതൽ കാണാനില്ലെന്ന് ഭാര്യ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഹേമചന്ദ്രൻ നിരവധി ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here