
ഐപിഎൽ 2026 സീസൺ ഇന്ത്യൻ യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങളാൽ ശ്രദ്ധേയമാകുകയാണ്. ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ യുവ താരങ്ങൾ വമ്പൻ താരങ്ങളെ പോലും മറികടന്ന് മത്സരങ്ങളുടെ ഗതി മാറ്റുകയാണ്. ഈ സീസണിൽ ശ്രദ്ധ നേടുന്ന അഞ്ചു യുവ പ്രതിഭകൾ ആരെല്ലാമാണെന്ന് നോക്കാം.
സമീർ റിസ്വി
ഉത്തർപ്രദേശ് ടി20 ലീഗിൽ ശ്രദ്ധ നേടിയ സമീർ റിസ്വിയെ ഐപിഎൽ 2024 ഇൽ ലേലം വഴി ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ നിരാശാജനകമായ സീസണിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കിയ താരം, പിന്നീട് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നതോടെ തിരിച്ചുവരവ് നടത്തി. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ അർധസെഞ്ചുറി നേടിയ സമീർ, ഈ സീസണിൽ സമ്മർദ്ദ ഘട്ടങ്ങളിൽ തുടർച്ചയായ വിജയകരമായ ഇന്നിങ്സുകളിലൂടെ ടീമിൽ സ്ഥിരസ്ഥാനം ഉറപ്പിച്ചു.
ആംഗ്രിഷ് രഘുവംശി
മുംബൈ സ്വദേശിയായ യുവതാരം ആംഗ്രിഷ് രഘുവംശി, ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ശ്രദ്ധേയ പ്രകടനം നടത്തുകയാണ്. വിക്കറ്റ് കീപ്പിംഗ് ചുമതലയും ഏറ്റെടുത്തതോടെ ടീമിൽ സ്ഥിരമായി ഇടം നേടി. ഓപ്പണറായി തുടർച്ചയായി അർധസെഞ്ചുറികൾ നേടിയ താരം, വെറും 21-ാം വയസ്സിൽ തന്നെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ളവനെന്ന് തെളിയിച്ചു.
പ്രിൻസ് യാദവ്
ലഖ്നൗ സൂപ്പർ ജയന്റ്സിനായി കളിക്കുന്ന പ്രിൻസ് യാദവ്, തന്റെ വേഗതയും കൃത്യമായ ബൗളിംഗും കൊണ്ട് ശ്രദ്ധേയനായി. ടീമിലെ പ്രധാന പേസ് ബൗളർമാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ അവസരം ലഭിച്ച താരം, ഡൽഹി ക്യാപിറ്റൽസിനെയും സൺറൈസേഴ്സ് ഹൈദരാബാദിനെയുംതിരെ നിർണായക വിക്കറ്റുകൾ നേടി ടീമിന്റെ വിശ്വാസം നേടി. ഇപ്പോൾ ബൗളിംഗ് ആക്രമണത്തിലെ പ്രധാന ഘടകമായി ഉയർന്ന് വരുന്നു.
ഹർഷ് ഡൂബേ
വിദർഭയ്ക്കായി രഞ്ജി ട്രോഫിയിൽ തിളങ്ങിയ ഹർഷ് ഡൂബേ, സൺറൈസേഴ്സ് ഹൈദരാബാദിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പവർപ്ലേയിൽ തന്നെ ബൗളിംഗ് ചുമതല ഏറ്റെടുത്ത താരം, റൺ നിയന്ത്രണത്തോടൊപ്പം നിർണായക വിക്കറ്റുകളും സ്വന്തമാക്കുന്നു. കൂടാതെ ബാറ്റിംഗിലും നിർണായക സംഭാവനകൾ നൽകി ടീമിന് കരുത്താകുന്നു.
വൈഭവ് സൂര്യവംശി
വെറും 15-ാം വയസ്സിൽ തന്നെ ഐപിഎൽ വേദിയിൽ തിളങ്ങുന്ന താരം. ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയിലൂടെ ശ്രദ്ധ നേടിയ വൈഭവ്, റെക്കോർഡ് നേട്ടങ്ങളോടെ ക്രിക്കറ്റ് ലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലും കഴിഞ്ഞ ഐപിഎൽ സീസണിലും ബൗളർമ്മാർ അറിഞ്ഞതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

