
ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം നാട്ടിൽ വീരോചിത സ്വീകരണം. ജോഹന്നാസ്ബര്‍ഗിലെ ഒ ആര്‍ ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്യാപ്റ്റൻ ടെംബ ബാവുമയെയും സഹതാരങ്ങളെയും സ്വീകരിക്കാൻ ദക്ഷിണാഫ്രിക്ക ഒന്നടങ്കം എത്തി.
കായിക മന്ത്രി ഗെയ്റ്റണ്‍ മക്കെന്‍സിയുടെ നേതൃത്വത്തിലാണ് ടീമിനെ സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന വികസന സംരംഭമായ കെ എഫ് സിയുടെ മിനി ക്രിക്കറ്റ് പ്രോഗ്രാമിലെ കുട്ടികളും കളിക്കാരുടെ മുന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പൂക്കളും കൊടിതോരണങ്ങളുമായി കളിക്കാരെ സ്വീകരിച്ചു. പ്രോട്ടീസിൻ്റെ വിജയത്തിന് കുന്തമുനയായ ഐഡന്‍ മാര്‍ക്രാമിന്റെ പ്രിട്ടോറിയ ബോയ്സ് ഹൈസ്‌കൂളിൽ നിന്നുള്ള വിദ്യാർഥികളുമുണ്ടായിരുന്നു. വിയാന്‍ മള്‍ഡറുടെ സഹോദരനെപ്പോലെ താരങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Read Also: പേസ് മുനയുമായി ഇന്ത്യ: ഒന്നാം ടെസ്‌റ്റ് നാളെമുതൽ ലീഡ്സിൽ
കളിക്കാര്‍ ഓട്ടോഗ്രാഫുകള്‍ ഒപ്പിടുകയും പൂക്കൾ സ്വീകരിക്കുകയും ചെയ്തു. താരങ്ങളെ ചേർത്തണക്കാൻ നിരവധി പേരാണ് എത്തിയത്. ‘ചാമ്പ്യന്‍സ്’ ടീ-ഷര്‍ട്ടുകള്‍ ധരിച്ചാണ് കളിക്കാരെത്തിയത്. തുടർന്ന് ഇവർ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഓഫീസിലേക്ക് പോയി. അവിടെ ബാന്‍ഡ് മേളത്തോടെയും ചുവന്ന പരവതാനി വിരിച്ചും സ്വീകരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് ലോകകിരീടം ദക്ഷിണാഫ്രിക്കക്ക് ലഭിച്ചത്. 1998ൽ ഐ സി സി ചാമ്പ്യൻസ് ട്രോഫി മാത്രമാണ് അവർ നേടിയത്. ഏകദിനം, ടെസ്റ്റ്, ടി20 ലോക കിരീടം അവർക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here