വിവാഹമോചനം; നിർണായക വിധിയുമായി ഹൈക്കോടതി

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജികളിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. ഹർജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം നൽകാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മകന്‍റെ ഭാവിയെയോർത്ത് വിവാഹമോചനമെന്ന ആവശ്യത്തിൽനിന്ന് പിന്മാറുകയാണെന്ന് ഭാര്യ 2021 ഏപ്രിൽ 12ന് കോടതിയിൽ പതിക സമർപ്പിച്ചു. തുടർന്നാണ് കുടുംബകോടതി ഹർജി തള്ളിയത്.

ആദ്യം സമ്മതം തന്നശേഷം പിന്നീട് പിൻവലിച്ചതിന്‍റെ പേരിൽ ഹർജി തള്ളിയത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്. ഭാര്യ സമ്മതം പിൻവലിച്ച സാഹചര്യത്തിൽ ആവശ്യം തള്ളുകയാണ് കുടുംബകോടതിക്കു മുന്നിലുള്ള ഏക പോംവഴിയെന്നും കോടതി വിലയിരുത്തി.

ഭാര്യ സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് പരസ്പര സമ്മതപ്രകാരമുള്ള ഹർജി തിരുവനന്തപുരം കുടുംബകോടതി തള്ളിയതിനെതിരെ കായംകുളം സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

അതേ സമയം, ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന കേസുകളിൽ വിധി വരുന്നതുവരെ രണ്ട് കക്ഷികൾക്കും വിവാഹമോചനത്തിന് സമ്മതമാണെന്ന കാര്യം കോടതി ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ട്. രണ്ടുകൂട്ടരുടെയും സമ്മതമില്ലെങ്കിൽ ഇത്തരം ഹർജിയിൽ വിവാഹമോചനം അനുവദിക്കാൻ കോടതിക്ക് അധികാരമില്ല.

ഇരുകക്ഷിയും വിവാഹമോചനത്തിനു സമ്മതമാണെന്ന നിലപാടിൽ തുടർന്നാൽ മാത്രമേ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബിയിൽ പറയുന്ന ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജി പരിഗണിച്ചു തീർപ്പാക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. 2019 ഒക്ടോബർ 11നുണ്ടാക്കിയ കരാറിനെ തുടർന്നാണ് ഹർജിക്കാരനും ഭാര്യയും പരസ്പരസമ്മതത്തോടെ വിവാഹമോചന ഹർജി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News