മഹാരാഷ്ട്രയില്‍ പ്രതിദിനം 46 ശിശുമരണങ്ങള്‍; ഏഴ് വര്‍ഷത്തിനിടെ 1,17,136 മരണം

infant-death-maharashtra

മഹാരാഷ്ട്രയില്‍ 2017നും 2023നും ഇടയില്‍ 1,17,136 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശരാശരി പ്രതിദിനം 46 മരണം. ഏറ്റവും കൂടുതല്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. 22,364 ശിശുമരണങ്ങള്‍ മഹാനഗരത്തില്‍ രേഖപ്പെടുത്തി. 2017-ല്‍ 4,071 മരണങ്ങളുടെ സ്ഥാനത്ത് 2023-ല്‍ 2,832 മരണം മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ജനിച്ചുവീണ കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിനു മുമ്പുള്ള മരണമാണ് ശിശുമരണം എന്ന് ക്ലിനിക്കലായി നിര്‍വചിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയുടെ അഭാവം ഇപ്പോഴും വലിയ വെല്ലുവിളികളാണ്. മുംബൈയില്‍ രേഖപ്പെടുത്തിയ ശിശുമരണങ്ങളില്‍ ഏകദേശം 40 ശതമാനം മറ്റ് ജില്ലകളില്‍ നിന്ന് റഫര്‍ ചെയ്യപ്പെട്ട കുഞ്ഞുങ്ങളാണ്. അവരില്‍ ഭൂരിഭാഗവും വളരെ ഗുരുതരാവസ്ഥയിലാണ് എത്തുന്നതെന്ന് മുതിര്‍ന്ന ബി എം സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: കാർ പാലത്തിനുമുകളിൽ നിന്നും താഴേക്ക് മറിഞ്ഞ് 8 പേർ മരിച്ചു

താനെയില്‍ ശിശുമരണത്തില്‍ കുത്തനെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2017 നും 2023 നും ഇടയില്‍ ജില്ലയില്‍ 6,562 ശിശുമരണങ്ങള്‍ രേഖപ്പെടുത്തി. 2017 ല്‍ 750 മരണം ആയിരുന്നെങ്കിൽ 2023 ല്‍ ഇത് 1,380 ആയി. നാസിക്, അകോള, ഛത്രപതി സംഭാജിനഗര്‍, പൂനെ, നാഗ്പൂര്‍, അമരാവതി തുടങ്ങിയ നിരവധി ജില്ലകളിൽ വര്‍ഷം തോറും വര്‍ധനവ് കാണിക്കുന്നു.

പ്രസവസമയത്ത് ശ്വാസംമുട്ടല്‍, അകാല ജനനം, അണുബാധകള്‍, കുറഞ്ഞ ജനന ഭാരം എന്നിവയാണ് ശിശുമരണത്തിന്റെ പ്രധാന കാരണങ്ങള്‍. റഫറലുകളുടെ കാലതാമസം, ഗതാഗതക്കുറവ്, അപര്യാപ്തമായ എന്‍ ഐ സി യു ശേഷി, ജീവനക്കാരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നത്; പ്രത്യേകിച്ച് ഗ്രാമീണ, ആദിവാസി മേഖലകളില്‍.

ഗ്രാമീണ ജില്ലകളിലെ പല ആശുപത്രികളിലും മതിയായ എന്‍ ഐ സി യു കിടക്കകളുടെ അഭാവം, പരിശീലനം ലഭിച്ച നവജാത ശിശുരോഗ വിദഗ്ധരുടെ കുറവ് തുടങ്ങിയവ പ്രതിസന്ധി രൂക്ഷമാക്കുന്നു. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കുടുംബങ്ങൾ നിര്‍ബന്ധിതരാകുയാണ്.

കഴിഞ്ഞ വര്‍ഷം താനെയിലെ കല്‍വ ആശുപത്രിയിലും നാന്ദേഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും നിരവധി ശിശുമരണങ്ങള്‍ ഉണ്ടായതിന് കാരണവും അടിസ്ഥാന സൗകര്യങ്ങളുടെയും മരുന്നുകളുടെയും അഭാവമാണ്. ബജറ്റ് വിഹിതം വകയിരുത്തിയിട്ടും ക്രിട്ടിക്കല്‍ കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനുള്ള ഫണ്ടുകള്‍ പലപ്പോഴും ഉപയോഗിക്കപ്പെടാതെ കിടക്കുന്നതും ആരോഗ്യ മേഖലയെ പ്രതിരോധത്തിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News