
ഹിന്ദി സംബന്ധിച്ച ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഡി എം കെ. തമിഴ്നാട് രാഷ്ട്രീയക്കാര്‍ കപടത നിറഞ്ഞവരാണെന്നാണ് പവന്റെ ആരോപണം. വാണിജ്യ നേട്ടങ്ങള്‍ക്കായി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുമ്പോള്‍ എന്തിനാണ് ഹിന്ദിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭാഷാ നയങ്ങളെക്കുറിച്ചുള്ള തമിഴ്നാടിന്റെ നിലപാടിനെക്കുറിച്ചുള്ള പൊള്ളയായ ധാരണയാണ് ഇതെന്ന് ഡി എം കെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നത് തമിഴ്നാട് ഒരിക്കലും എതിര്‍ത്തിട്ടില്ല. നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ മേല്‍ ഹിന്ദിയോ ഏതെങ്കിലും ഭാഷയോ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വശത്തും തമിഴ്നാട് ചരിത്രപരമായി എതിര്‍ത്ത കേന്ദ്രത്തിന്റെ ഹിന്ദി സമ്മര്‍ദം ഒരു വശത്തുമായി നില്‍ക്കെയാണ് ഈ ചര്‍ച്ച. ഡബ്ബിങ് സിനിമകള്‍ പോലുള്ള ബിസിനസ് തീരുമാനങ്ങളുമായി ഭാഷാ നയത്തെ തുലനം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘകാല ഭാഷാ നിലപാടിനെ അവഗണിച്ചുള്ള അമിത ലളിതവത്കരണമാണെന്ന് ഡി എം കെ നേതാക്കള്‍ വാദിക്കുന്നു. ജനസേന പാര്‍ട്ടിയുടെ സ്ഥാപകനും എൻ ഡി എ സഖ്യത്തിലുള്ളയാളുമാണ് പവന്‍ കല്യാണ്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here