മുസ്ലിം യുവാക്കളെ കുടുക്കാൻ വ്യാജ പശുക്കൊലപാതകം, ഹിന്ദു മഹാസഭ നേതാവും കൂട്ടാളികളും അറസ്റ്റിൽ

വ്യക്തിവിരോധം തീർക്കാൻ മുസ്ലിം യുവാക്കൾക്കെതിരെ വ്യാജ പശുകൊലപാതകം ആരോപിച്ച കേസിൽ ഹിന്ദു മഹാസഭ നേതാവടക്കം നാല് പേർ അറസ്റ്റിൽ. ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ജട്ടിനെയും അനുയായികളായ മൂന്ന് പേരെയുമാണ് ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 30നായിരുന്നു കേസിനാസ്പദമായ സംഭവം. സഞ്ജയ് ജട്ടും അനുയായികളും സ്വയം പശുവിനെ കൊന്നശേഷം തങ്ങൾക്ക് വ്യക്തിവിരോധമുള്ള നാല് മുസ്ലിം യുവാക്കൾക്ക് നേരെ കുറ്റം ആരോപിക്കുകയായിരുന്നു. പശുവിനെ കൊന്ന ശേഷം ഇവർ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി യുവാക്കൾക്കെതിരെ പരാതി നൽകി. പരാതി വിശദമായി അന്വേഷിച്ച പൊലീസ് സംഭവം നടക്കുമ്പോൾ ആരോപണവിധേയരായ നാല് മുസ്ലിം യുവാക്കൾ സ്ഥലത്തില്ലായിരുന്നുവെന്ന് കണ്ടെത്തുകയും പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് ജട്ട് തന്നെയാണ് പശുവിനെ കൊന്നതെന്നും മുസ്ലിം യുവാക്കളോടുള്ള വ്യക്‌തിവൈരാഗ്യത്തിന്റെ പേരിൽ കുറ്റം കെട്ടിവെക്കാൻ ശ്രമിച്ചതാണെന്നും കണ്ടെത്തിയത്.

‘ഹിന്ദു ഗ്യാങ്‌സ്റ്റർ’ എന്നാണ് സഞ്ജയ് ജട്ട് തന്നെ സ്വായം വിശേഷിപ്പിച്ചിരുന്നത്. രാം നവമി ആഘോഷങ്ങൾ രാജ്യത്തെമ്പാടും നടക്കുകയായിരുന്നതിനാൽ പശുക്കൊലപാതകം മുസ്ലിങ്ങളുടെ മേൽ ആരോപിക്കുന്നത് വഴി ഒരു വർഗീയ കലാപം കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ പദ്ധതിയാണ് പൊലീസ് അന്വേഷണത്തിൽ തകർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here