
ബെംഗളൂരുവിൽ യുവതിക്കും യുവാവിനും നേരെ സദാചാരാ ഗുണ്ടായിസം. ബെംഗളൂരുവിൽ ഒരു പൊതു പാർക്കിൽ വച്ചായിരുന്നു സംഭവം. ബുർഖ ധരിച്ച യുവതി ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ ഇരിക്കുന്നതിനിടെയാണ് ഒരു സംഘം ഇവരുടെ ചിത്രങ്ങളെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ ഒരു പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് പേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. മഹിം, അഫ്രീദി, വസീം, അഞ്ജും, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: അയോധ്യയിലെ രാജ ഗസ്റ്റ് ഹൗസിൽ കുളിക്കുന്നതിനിടെ സ്ത്രീയുടെ വീഡിയോ പകർത്തി; പാചകക്കാരൻ അറസ്റ്റിൽ
പെൺകുട്ടി ബുർഖ ധരിച്ച് ഹിന്ദു സമുദായത്തിൽപ്പെട്ട തന്റെ ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് “ബുർഖ ധരിച്ച് ഒരു ഹിന്ദു ആൺകുട്ടിയോടൊപ്പം ബൈക്കിൽ ഇരിക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് നാണമില്ലേ?” എന്നും ചോദിച്ച് സംഘം എത്തിയത്. കൂടാതെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ഇവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി തന്റെ കുടുംബത്തിന്റെ ഫോൺ നമ്പറുകൾ നൽകാൻ വിസമ്മതിക്കുകയും ആൺകുട്ടി തന്റെ സഹപാഠിയാണെന്ന് പറയുകയും ചെയ്തു. ഇതോടെ സംഘം ആൺകുട്ടിയെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
ഇരുവരും ഒരുമിച്ച് ഇരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച സംഘം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ചന്ദ്രലേഔട്ട് പോലീസ് വേഗത്തിൽ നടപടി സ്വീകരിക്കുകയും അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമം കൈയിലെടുക്കരുതെന്നും വ്യക്തിഗത സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

