
ഇന്ന് ഹിരോഷിമ ദിനം. ലോക മനസാക്ഷിയെ ഞെട്ടിച്ച അണുബോംബ് ദുരന്തം നടന്നിട്ട് 80 വർഷം തികയുകയാണ്. നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം നടത്തിയ കൊടും ഭീകരതയുടെ അവശേഷിപ്പും പേറിയാണ് ഇന്നും ഹിരോഷിമ ജീവിക്കുന്നത്.
1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 ന് അമേരിക്കയുടെ എനോള ഗേ ബി29 ബോംബര്‍ വിമാനത്തില്‍ നിന്ന് ജപ്പാനിലെ ഹിരോഷിമയുടെ മുകളിലേക്ക് താഴ്ന്നിറങ്ങിയ ലിറ്റില്‍ ബോയ് എന്ന ആറ്റംബോംബില്‍നിന്ന് ആളിക്കത്തിയ അഗ്നിഗോളം, 370 മീറ്റര്‍ ഉയരത്തേക്ക് ജ്വലിച്ചുയര്‍ന്നു. ആയിരം സൂര്യന്മാര്‍ ഒന്നിച്ചു പൊട്ടിച്ചിതറിയതുപോലെ. അക്ഷരാർത്ഥത്തിൽ ഘടികാരങ്ങൾ നിലച്ചുപോയ സമയം. 4,000 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷത്തിന്റെ ഊഷ്മാവ് ഉയർന്നത്. ഹിരോഷിമ വെന്തുരുകുകി. ഓഹിയോ നദി തിളച്ച് മറിഞ്ഞു. ചൂട് സഹിക്കവയ്യാതെ നദിയിലേക്ക് ചാടിയവർ വെള്ളത്തിൽ കിടന്നുപോലും വെന്തുമരിക്കുകയായിരുന്നു.
മൂന്നര ലക്ഷം പേരുണ്ടായിരുന്ന ഹിരോഷിമയില്‍ അണുബോംബിന്റെ ആഘാതത്തില്‍ 1,40,000 പേരാണ് മരിച്ചത്. ആണവ പ്രസരം കാരണമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും വർഷങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടേയിരുന്നു. ലോകം അന്നോളം വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ നരഹത്യയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ജീവനോടെ ബാക്കിയായവർ അനുഭവിച്ച വേദനകൾക്ക് സമാനതകളില്ല.
ഹിരോഷിമ കൊണ്ട് അമേരിക്കയുടെ ക്രൂരത അവസാനിച്ചില്ല. ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അണുബോംബ് വർഷിച്ചു. ഫാറ്റ്മാന്‍ എന്ന
അണുബോംബ് കൊന്നൊടുക്കിയത് 40,000 പേരെയാണ്. നാഗസാക്കിയിലും ജീവൻ അവശേഷിച്ചവർ മരണത്തെ മുന്നിൽ കണ്ട്ജീവിതം തള്ളിനീക്കുകയായിരുന്നു. ഹിരോഷിമയും നാഗസാക്കിയും ജപ്പാന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകള്‍ നല്‍കിയ നടുക്കത്തില്‍ നിന്ന് ഇന്നും മുക്തരല്ല ലോക ജനത. യുദ്ധം നഷ്ടങ്ങൾ മാത്രമേ മാനവരാശിക്ക് നൽകിയിട്ടുള്ളൂ. അതുതന്നെയാണ് ഓരോ ഹിരോഷിമയും നാഗസാക്കിയും കടന്നുപോകുമ്പോഴും ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ലോകത്തോട് വിളിച്ചുപറയാൻ പ്രേരിപ്പിക്കുന്നതും. സര്‍വനാശം വിതക്കുന്ന ആണവായുധം ഇനിയൊരിക്കലും ഭൂമുഖത്ത് പതിക്കാതിരിക്കട്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

