എൻഡിഎ ഘടകകക്ഷി നേതാവിനെ വീട്ടിൽ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; യു.ഡി.എഫ് സർക്കാരിൽ വിവാദപ്പെരുമഴ

ramesh_thushar meet

തിരുവനന്തപുരം: അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടുന്ന യു.ഡി.എഫ് സർക്കാർ നിത്യേന വിവാദങ്ങളിൽപ്പെടുകയാണ്. ഡീൽ പ്രധാന വിഷയമായി ഉന്നയിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് എന്നാൽ ഡീൽ ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാകുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ഒരുപടി കൂടി കടന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെ അദ്ദേഹത്തിന്‍റെ വീട്ടിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. രമേശ് ചെന്നിത്തല വീട്ടിലെത്തുന്ന വീഡിയോ ഉൾപ്പടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് തുഷാർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് യു.ഡി.എഫ് മുന്നോട്ടുവെച്ച വാദങ്ങളിൽനിന്ന് പിന്നോട്ടുപോകുന്ന സംഭവങ്ങളാണ് ഓരോ ദിവസവും അവർ അധികാരത്തിലെത്തിയ ശേഷം സംഭവിക്കുന്നത്. ഇതിൽ പ്രധാന സംഘപരിവാറുമായുള്ള കോൺഗ്രസ് നേതാക്കളുടെ സമീപനം തുറന്നുകാട്ടപ്പെടുന്നതാണ്. സത്യപ്രതിജ്ഞാവേളയിൽ വന്ദേമാതരം അതിലെ വർഗീയ പശ്ചാത്തലം ഉൾപ്പടെയുള്ള വിവാദഭാഗം പൂർണമായും ആലപിച്ചത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ വലിയ വിമർശനം മതനിരപേക്ഷ സമൂഹത്തിൽനിന്നും ഉയർന്നിട്ടും ഇതേക്കുറിച്ച് അറിഞ്ഞില്ല എന്ന ഒഴുക്കൻ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഇതിന് മുമ്പ് ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തിയപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിവാർ മാധ്യമപ്രവർത്തകനെ ആലിംഗനം ചെയ്തതുമൊക്കെ ഒരു തുടക്കമായിരുന്നു.

അതിനുശേഷം യു.ഡി.എഫ് സർക്കാരിന്‍റെ നയപ്രഖ്യാപനം, തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് സമാനമാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. എന്നാൽ ആ വിഷയത്തിൽ കമാന്ന് ഒരക്ഷരം പോലും മിണ്ടാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല.

വി ഡി സതീശൻ നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ചതും വലിയ വിവാദമായിരുന്നു. ഈ ദിവസം പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിൽ ഉൾപ്പടെ 12 ഇടത്ത് ഇ.ഡി റെയ്ഡ് നടന്നത് സംശയാസ്പദമാണെന്ന ആരോപണം ഉയർന്നു. ഇ.ഡി-വി.ഡി-മോദി എന്ന തലത്തിൽ വലിയ ചർച്ച ഉയർന്നുവന്നെങ്കിലും പതിനഞ്ചോളം തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ വി ഡി സതീശൻ ഒന്നും ഉരിയാടാതിരുന്നതും ചർച്ചയായി മാറിയിരുന്നു.

Also Read- വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചത് ശരിയോയെന്ന് ചോദ്യം, ‘ഏവർക്കും ലോക ക്ഷീരദിനാശംസകൾ’ എന്ന് മറുപടിയും; ബിന്ദു കൃഷ്ണയുടെ വിചിത്രമായ ഒഴിഞ്ഞുമാറൽ!

പിന്നീട് യുഡിഎഫിൽനിന്ന് വിജയിച്ച് ജനപ്രതിനിധികളും മന്ത്രിമാരുമായവർ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതും വിവാദമായിരുന്നു. ജി സുധാകരൻ, ബിന്ദു കൃഷ്ണ തുടങ്ങിയവർ ഉൾപ്പടെയാണ് വെള്ളാപ്പള്ളിയെ സന്ദർശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത്, വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം നടത്തിയത്. എന്നാൽ യു.ഡി.എഫിലെ അവിഭാജ്യഘടകങ്ങളായിരുന്ന മുസ്ലീം ലീഗിനെയും ജമാഅത്തെഇസ്ലാമിയെയും ചൊടിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ വരിവരിയായി വെള്ളിപ്പള്ളിയെ കാണുന്നത്. ഇതിന് പിന്നാലെയാണ് തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതും പൊന്നാട അണിയിക്കുകയും ചെയ്തത്. ഒരുപടി കൂടികടന്ന്, വെള്ളാപ്പള്ളി വൈകാതെ, മുഖ്യമന്ത്രിയെ കാണുമെന്നും വിവരങ്ങൾ വന്നിട്ടുണ്ട്.

അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കാർത്തികപ്പള്ളി കുന്നത്തുകാട്ടിൽ വീട്ടിലെത്തി തുഷാർ വെള്ളാപ്പള്ളിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയത്. ജനസേവനത്തിനും പൊതുപ്രവർത്തനത്തിനും ജീവിതം സമർപ്പിച്ച രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണെന്ന പുകഴ്ത്തലും തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കാണാം. ഏതായാലും സംസ്ഥാനത്തെ എൻഡിഎയുടെ ഉന്നത നേതാവുമായുള്ള മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കൂടിക്കാഴ്ചയിൽ മുസ്ലീം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികൾ ഒട്ടും തൃപ്തരല്ല. ഈ വിഷയം വരുംദിവസങ്ങളിൽ യുഡിഎഫിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News