
മധുരമുള്ള എന്തിനോടും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവും അല്ലെ ? ഈ അവധിക്കാലത്ത് കുട്ടി കുരുന്നുകൾക്ക് വീട്ടിൽ തന്നെ കുനാഫ ഉണ്ടാക്കി കൊടുത്താലോ ? കുനാഫ ഡൗവിന് പകരം വറുത്ത സേമിയ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയാറാക്കാം, അതും ഓവനില്ലാതെ. റെസിപ്പി ഇതാ
അവശ്യ ചേരുവകൾ
വറുത്ത സേമിയ – 500 ഗ്രാം
ഉരുക്കിയ നെയ്യ്/ ബട്ടർ – 200 ഗ്രാം
പാൽ – 6 കപ്പ്
പഞ്ചസാര – 4 ടേബിൾ സ്പൂൺ
ചീസ് (Mozzarella) – ഒരു കപ്പ് (നല്ലതുപോലെ വലിയണമെങ്കിൽ)
കോൺഫ്‌ളോർ – 4 ടേബിൾ സ്പൂൺ
ക്രീം (ഫില്ലിങ്ങിന് ആവശ്യമായത്)
വെള്ളം – 1 കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂൺ
റോസ് വാട്ടർ/ഏലക്കപ്പൊടി – 1 ടീസ്പൂൺ
ALSO READ: ‘തേങ്ങ ചായ’ കുടിച്ചിട്ടുണ്ടോ? ചായ പ്രേമികൾക്കിതാ ഒരു വെറൈറ്റി ചായ
തയാറാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് ഷുഗർ സിറപ്പ് ഉണ്ടാക്കുക. അൽപം ഒട്ടുന്ന പാകമാകുമ്പോൾ തന്നെ നാരങ്ങാനീരും റോസ് വാട്ടറോ ഏലക്കാപ്പൊടിയോ ഇതിലേക്ക് ചേർക്കാം. ഇനി ഇത് തണുക്കാനായി മാറ്റി വയ്ക്കാം. ഇനി ക്രീം ആണ് വേണ്ടത്. അതിനായി ആദ്യം രു പാത്രത്തിൽ പാലും കോൺഫ്‌ളോറും പഞ്ചസാരയും ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്യാം. ഇത് കുറുകി വരുമ്പോൾ അതിലേക്ക് ഫ്രഷ് ക്രീമും ചീസും ചേർത്ത് നന്നായി യോജിപ്പിക്കാം.
ഇനി വേണ്ടത് സേമിയ കൂട്ട ആണ്. അതിനായി ആദ്യം വറുത്തെടുത്ത സേമിയ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് ഉരുക്കിയ ബട്ടർ ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ യോജിപ്പിക്കുക.ഇനി അത് സെറ്റ് ചെയ്യണം. ഒരു നോൺസ്റ്റിക് പാനോ കേക്ക് ടിന്നോ എടുത്ത് അതിലേക്ക് അൽപ്പം ബട്ടർ തേക്കുക. തയ്യാറാക്കിവച്ച സേമിയയുടെ പകുതി ഭാഗം പാനിന്റെ അടിയിൽ നിരത്തി കൊടുക്കുക. ഇത് നന്നായി അമർത്തനം. വശങ്ങളിൽ അൽപ്പം സേമിയ ഉയർത്തി വച്ചാൽ അകത്ത് വെക്കുന്ന ക്രീം പുറത്തേയ്ക്ക് വരില്ല. ഇതിനു മുകളിൽ ക്രീം മിശ്രിതം ഒഴിക്കുക. ബാക്കിയുള്ള സേമിയ ക്രീം പൂർണമായും മൂടുന്ന രീതിയിൽ വെയ്ക്കാം.
ഇനി അടുപ്പിൽ പാൻ മൂടിവച്ച് കുറഞ്ഞ തീയിൽ 10-12 മിനിറ്റ് വേവിക്കുക. അടിഭാഗം ബ്രൗൺ നിറമാകുമ്പോൾ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് 5 മിനിറ്റ് കൂടി വേവിച്ചാൽ കുനാഫ റെഡി. ഈ കുനാഫ ചൂടോടെ തന്നെ ഒരു പ്ലേറ്റിലേക്ക് മാറ്റി, മുകളിലായി നേരത്തെ തയ്യാറാക്കിവച്ച തണുത്ത ഷുഗർ സിറപ്പ് ഒഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

