സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം: ഉഗാണ്ട പാര്‍ലമെന്റ് ബില്‍ പാസാക്കി

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ വലിയ പിന്തുണയോടെയാണ് ബില്‍ പാസായത്. എന്നാല്‍ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ മാത്രമേ ബില്‍ നിയമമാകൂ.

ഉഗാണ്ട ഉള്‍പ്പെടെ 30ല്‍ അധികം ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ സ്വവര്‍ഗ ബന്ധം നിരോധിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നതനുസരിച്ച്, ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍ജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് ഇത്.

യാഥാസ്ഥിതികവും മതപരവുമായ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തിലെ പരമ്പരാഗത മൂല്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്വവര്‍ഗാനുരാഗത്തെ ശിക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പുതിയ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ബില്ലാണിതെന്നും പിന്തുണയ്ക്കുന്നുവെന്നും നിയമനിര്‍മ്മാതാവ് ഡേവിഡ് ബഹാതി പറഞ്ഞു. ഇത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനുളളില്‍ വരുന്ന കാര്യങ്ങളാണെന്നും ആരും ഭീഷണിപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഒപ്പിടുന്നതിനായി പ്രസിഡന്റ് യോവേരി മുസെവേനിക്ക് അയയ്ക്കുമെന്നും ഡേവിഡ് ബഹാതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവിലെ നിര്‍ദ്ദേശത്തെക്കുറിച്ച് മുസെവേനി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം എല്‍ജിബിടിക്യു അവകാശങ്ങളെ എതിര്‍ക്കുകയും 2013-ല്‍ എല്‍ജിബിടിക്യു വിരുദ്ധ നിയമത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളില്‍ എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവര്‍ വിദ്യാര്‍ത്ഥികളെ സ്വവര്‍ഗരതിക്ക് പ്രോത്സാഹിപ്പിക്കുന്നുവെന്ന് മതനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഉഗാണ്ട അധികാരികള്‍ എല്‍ജിബിടിക്യു വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News