ലൈംഗിക അധിക്ഷേപക്കേസിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ, സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇരുപതോളം വരുന്ന യൂട്യൂബർമാർക്കെതിരെയും നിയമ നടപടിക്കൊരുങ്ങി നടി ഹണി റോസ്. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ട യൂട്യൂബ് ചാനലുകളുടെ പേര് വിവരങ്ങളാകും ഹണി പോലീസിന് കൈമാറുക.
അതേ സമയം, ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കും. എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ALSO READ; വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡര്‍ അവറില്‍ ധനരഹിത ചികിത്സയ്ക്ക് പദ്ധതിവേണം: സുപ്രീം കോടതി
പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഹണി റോസ് നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് നടി നന്ദിയും രേഖപ്പെടുത്തി. പണത്തിന്‍റെ ഹുങ്കിനെതിരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐടി ആക്റ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലര്‍ച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here