തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയിലാണ് സംഭവം നടന്നത്. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത മകനേയും ആക്രമണം തടയാനെത്തിയ അമ്മയേയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു. അരുണപ്പട്ടി സ്വദേശികളായ സുഭാഷ്, കണ്ണമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ദണ്ഡപാണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃഷ്ണഗിരി ജില്ലയിലെ അരുണപ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. തിരുപ്പൂരില്‍ ഒരു ബനിയന്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ദണ്ഡപാണി. ഭാര്യയ്ക്കും മകന്‍ സുഭാഷിനുമൊപ്പമായിരുന്നു താമസം. ഇതിനിടെ സുഭാഷ് ജയന്‍ഗൊണ്ട സ്വദേശിനിയായ അനുഷയുമായി പ്രണയത്തിലായി. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള സുഭാഷിന്റെ പ്രണയത്തെ ദണ്ഡപാണി എതിര്‍ത്തു. പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് തയ്യാറാകാത്ത സുഭാഷ് അനുഷയെ വിവാഹം കഴിച്ചു.

വിവാഹശേഷം സുഭാഷും അനുഷയും തിരുപ്പൂരിലേക്ക് താമസം മാറ്റി. അരുണപ്പെട്ടിയില്‍ മുത്തശ്ശി കണ്ണമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സുഭാഷും ഭാര്യ അനുഷയും ആക്രമിക്കപ്പെട്ടത്. കൈയില്‍ അരിവാളുമായി എത്തിയ ദണ്ഡപാണി, സുഭാഷിനേയും അനുഷയേയും വെട്ടുകയായിരുന്നു. ആക്രമണം തടയാനെത്തിയ അമ്മ കണ്ണമ്മയേയും ഇയാള്‍ വെട്ടി. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് സുഭാഷിനേയും അനുഷയേയും കണ്ണമ്മയേയും ആശുപത്രിയില്‍ എത്തിച്ചത്. സുഭാഷും കണ്ണമ്മയും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അനുഷ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here