
12 ദിവസം- ഇറാനുമേൽ ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം തുടങ്ങിവെച്ച കടന്നാക്രമണം നീണ്ടുനിന്നത് ഇത്രയും ദിവസമാണ്. ഒടുവിൽ അമേരിക്ക കൂടി ചേർന്നതോടെ മറ്റൊരു ലോകമഹായുദ്ധത്തിന്‍റെ ഭീതി പടർന്നിരുന്നു. എന്നാൽ സ്വിച്ച് ഇട്ടതുപോലെ അമേരിക്കയും ഇസ്രയേലും നടത്തിയ കടന്നാക്രമണം അവസാനിച്ചു. ഇത്രവേഗം വെടിനിർത്തൽ പ്രഖ്യാപിക്കാനും അത് നിലവിൽ വരാനും കാരണമായത് എന്തായിരിക്കും? നമുക്കൊന്ന് പരിശോധിക്കാം…
ഇസ്രായേൽ കടന്നാക്രമണം, ഒടുവിൽ അമേരിക്കയും
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അതിക്രമം പുതിയ സംഭവമല്ല. 1979-ലെ ഇസ്ലാമിക് വിപ്ലവത്തോടെ അമേരിക്കൻ നിയന്ത്രണത്തിൽ നിന്നു വിട്ടുപോയത് മുതൽ, ഇറാൻ ശത്രുപക്ഷത്തായി. ആണവായുധം, തീവ്രവാദ പിന്തുണ എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ്, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നിരന്തരം ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. തങ്ങളുടെ അസ്തിത്വത്തിന് തന്നെ ഭീഷണിയാണ് ഇറാനെന്ന് ഇസ്രായേൽ തുടർച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. ഇറാൻ ലോകത്തിന് ഭീഷണിയാണെന്ന നരേറ്റീവ് സൃഷ്ടിക്കാൻ അമേരിക്കയും, ഇസ്രായേലും കൊണ്ടുപിടിച്ചു ശ്രമിച്ചു. ഒരാക്രമണത്തിന് കോപ്പുകൂട്ടുകയായിരുന്നു ഇരുവരുമെന്ന് വ്യക്തമായിരുന്നു. ഒടുവിൽ ഗാസയിലും യെമനിലുമുണ്ടായ ഏറ്റുമുട്ടലുകളെ ഭീകരതയായി കണക്കാക്കി, അതിന് പിന്നിൽ ഇറാനാണെന്ന് വരുത്തിയാണ് കടന്നാക്രമണം നടത്തിയത്.
Also Read- യുദ്ധത്തിന് തിരികൊളുത്തിയിട്ട് സമാധാന ദൂതനെന്ന് നാട്യം: തകര്‍ന്നടിയുന്ന ട്രംപിന്‍റെ മുഖംമൂടി
ഇരു രാജ്യങ്ങളും തങ്ങളുടെ ആവനാഴിയിലെ കരുത്തേറിയ ആയുധങ്ങൾ പ്രയോഗിച്ചു. ഇരുമ്പ് മറയെന്ന് കരുതിയിരുന്ന ഇസ്രായേലിന്‍റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാൻ മിസൈലുകൾ ടെൽഅവീവിൽ ഉൾപ്പടെ പതിച്ചു. ഒടുവിൽ ഇറാനിലെ ആണവകേന്ദ്രങ്ങളെന്ന് പറയപ്പെടുന്ന ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങൾ ആക്രമിച്ചുകൊണ്ട് അമേരിക്കയും യുദ്ധത്തിൽ പങ്കുചേർന്നു. അമേരിക്കയ്ക്ക് മറുപടിയായി ഖത്തറിലെ അൽ ഉദൈദിലുള്ള യുഎസ് സൈനിക ക്യാപിൽ ഡ്രോൺ ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. വൈകാതെ, വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ആഗോള സമ്മർദ്ദം
അമേരിക്കയും ഇസ്രയേലും പിന്തിരിയാൻ പല ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ആഗോള രാജ്യങ്ങൾ യുദ്ധവിരുദ്ധ നിലപാട് ശക്തമാക്കി എന്നതാണ്. ഇറാനെതിരായ നടപടിയിൽ യൂറോപ്പിൽനിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. മുൻകാലങ്ങളിൽ പിന്തുണച്ചിരുന്ന രാജ്യങ്ങൾ ഉൾപ്പടെ നിശബ്ദത പാലിച്ചതോടെ ഇസ്രായേൽ വെട്ടിലായി. ഏറ്റവുമൊടുവിൽ ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരുടെ കൂട്ടായ്മയായ BRICS യുദ്ധവിരുദ്ധ നിലപാട് എടുത്തു. ഇറാനുമായുള്ള എണ്ണ വ്യാപാരബന്ധം കാരണമാണ്, ഇസ്രായേലുമായി അടുപ്പമുള്ള പല രാജ്യങ്ങളെയും നിശബ്ദരാക്കിയത്.
യു.എസ് പ്രതീക്ഷിച്ച ഖത്തറിലെ ആക്രമണം
ഇറാൻ ഖത്തറിൽ നടത്തിയ ആക്രമണം അമേരിക്ക പ്രതീക്ഷിച്ചിരുന്നുവെന്ന് വേണം കരുതാൻ. ഇറാനുമേൽ ഇസ്രായേൽ തുടങ്ങിവെച്ച കടന്നാക്രമണം അവസാനിക്കാൻ ഖത്തറിലേക്കുള്ള ഡ്രോൺ ആക്രമണം ഹേതുവായി. ഇറാൻ ആ പരിധി ലംഘിക്കാൻ തയ്യാറാകുമോയെന്നാണ് അമേരിക്ക ഉറ്റുനോക്കിയത്. എന്നാൽ ഖത്തറിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതോടെ, പിൻവാങ്ങാൻ അമേരിക്കയ്ക്ക് മറ്റ് കാരണങ്ങളൊന്നും നോക്കേണ്ടിവന്നില്ല. ചരിത്രം പരിശോധിച്ചാൽ, അമേരിക്ക കടന്നുകയറ്റം നടത്തിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, ഇറാൻ ഒരു ചെറിയ രാജ്യമല്ല, ശക്തമായ ഒരു സംസ്ക്കാരം അവർക്കുണ്ട്. സൈനികശേഷിയിലും ആയുധബലത്തിലും ഒട്ടും പിന്നിലല്ല. കൂടാതെ വിപുലമായ എണ്ണവ്യാപാര ശൃംഖലയുമുണ്ട്. ഗൾഫിലെ എണ്ണവ്യാപാരം സ്തംഭിപ്പിക്കാനുള്ള ശേഷിയും തങ്ങൾക്കുണ്ടെന്ന് ഇറാൻ തെളിയിച്ചു. അതാണ് ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയത്. ഇത് ലോക വ്യാപാരരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം എത്രത്തോളം വലുതായിരിക്കുമെന്ന കാര്യം അചിന്തനീയമാണ്. ലോക സമ്പദ് വ്യവസ്ഥ അടിമുടി പ്രതിസന്ധിയിലാകുമായിരുന്നു.
റഷ്യയുടെയും ചൈനയുടെയും നയതന്ത്രം
റഷ്യയും ചൈനയും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടും അമേരിക്കയെയും ഇസ്രായേലിനെയും പ്രതിരോധത്തിലാക്കി. ഇറാനെ വിമർശനരഹിതമായി പിന്തുണയ്ക്കാൻ റഷ്യയും ചൈനയും തയ്യാറായി.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ഇറാൻ-ഇസ്രായേൽ വിഷയത്തിലുള്ള നയതന്ത്ര നിലപാട് റഷ്യയും ചൈനയും ശക്തമായാണ് അവതരിപ്പിച്ചത്. ‘ഇറാനെ ആക്രമിച്ചാൽ അത് ഗൾഫ് തീരത്ത് അപരിഹാര്യമായ സംഘർഷത്തിലേക്കും പുതിയ കുഴപ്പങ്ങളിലേക്കും കൊണ്ടെത്തിക്കും’- റഷ്യ വെട്ടിത്തുറന്ന് പറഞ്ഞു. പരോക്ഷമായി ഇറാനെ പിന്തുണ ചൈന, തന്ത്രപരമായ സമീപനമാണ് കൈക്കൊണ്ടത്. സമാധാനപരമായ ചര്‍ച്ചയിലൂടെയാണ് പ്രശ്നപരിഹാരം കാണേണ്ടതെന്ന് ചൈനയും മറ്റ് ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് ഏറ്റുപറഞ്ഞു. ഇറാനുമായുള്ള റഷ്യയുടെ പെട്രോളിയം ഇടപാടുകളും ഷാങ്ഗായ് കോർപ്പറേഷനിൽ ഇറാനെ അംഗമാക്കിയ ചൈനയുടെ നടപടിയും അമേരിക്കയ്ക്കുള്ള വ്യക്തതയുള്ള സന്ദേശങ്ങളായി വ്യാഖ്യാനിക്കാം.
Also Read: വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു
ഇറാന്‍റെ കൈവശം ആണവായുധം ഉണ്ടെന്നും, അതിനാൽ മുൻകൂട്ടിയുള്ള ഒരു സ്വയംപ്രതിരോധം എന്ന് വ്യാഖ്യാനിച്ചുമാണ് ഇസ്രായേൽ കടന്നാക്രമണം തുടങ്ങിവെച്ചത്. ഈ ആക്രമണത്തിൽ അമേരിക്ക ഒപ്പം ചേർന്നുവെന്നതാണ് ശ്രദ്ധേയമായത്. 1967 ലും 1973 ലും നടന്ന മുൻ യുദ്ധങ്ങളിൽ, ഭൗതിക പിന്തുണ മാത്രമാണ് അമേരിക്ക നൽകിയിരുന്നതെങ്കിൽ ഇത്തവണ നേരിട്ടുള്ള ആക്രണത്തിന് യു.എസ് മുതിരുകയായിരുന്നു. ഇത് ആഭ്യന്തരായി പ്രതിസന്ധിയും എതിർപ്പുകളും നേരിടുന്ന നെതന്യാഹു ഭരണകൂടത്തിന് നൽകുന്ന ഊർജം ചെറുതായിരുന്നില്ല.

വെടിനിർത്തൽ നിലവിൽ വന്നതോടെ ആശ്വസിക്കുന്നത് ലോകരാജ്യങ്ങളാണ്. യുദ്ധത്തിൽ ആരാണ് വിജയിച്ചതെന്നും, എത്രയൊക്കെ നാശനഷ്ടങ്ങളുണ്ടായെന്നുമൊക്കെയുള്ള കണക്കെടുപ്പ് തുടരുന്നുണ്ട്. ഇറാനിലെ ആണവകേന്ദ്രങ്ങളെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന സ്ഥലങ്ങളിൽ, അമേരിക്കൻ ആക്രമണത്തിൽ നാശമുണ്ടായെന്ന് വ്യക്തമാണെങ്കിലും, ഇറാനിൽ ഇപ്പോൾ ഉണ്ടെന്ന് ഐഎഇഎ പറഞ്ഞ 400 കിലോഗ്രാം (880 പൗണ്ട്) ഉയർന്ന സമ്പുഷ്ടമായ യുറേനിയം എവിടെയാണെന്ന കാര്യം അജ്ഞാതമാണ്. ഇറാന്‍റെ ആണവ പദദ്ധതിക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് അവിടുത്തെ ആണവോർജ്ജ സംഘടനയുടെ തലവനായ മുഹമ്മദ് എസ്ലാമി വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here