
മെയ് 10 ന് ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം റൗണ്ടിലായിരുന്നു പാക് എയർബേസുകളെ വിറപ്പിച്ച ഇന്ത്യയുടെ മിസൈൽ ആക്രമണം നടന്നത്. അതിന് ഉപയോഗിച്ചതാവട്ടെ ഏറ്റവും കൃത്യതയോടെ ലക്ഷ്യം തകർക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈലുകളിൽ ഒന്നായ ബ്രഹ്‌മോസും. എന്നാൽ, ആധുനിക പ്രതിരോധ സംവിധാനങ്ങളാൽ പൊതിഞ്ഞിരുന്ന പാക് ബേസുകളെ കൃത്യമായി എങ്ങനെ ആക്രമിക്കാനും ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാനും കഴിഞ്ഞു എന്നതാണ് പലരിലും ഉയരുന്ന ചോദ്യം.
അവിടെയാണ് ഇന്ത്യയുടെ കൃത്യതയാർന്ന മിലിട്ടറി പ്ലാനിങ്ങുകളുടെ പ്രാധാന്യം വെളിവാകുന്നത്. യുദ്ധവിമാനത്തെ അനുകരിക്കാൻ രൂപകൽപ്പന ചെയ്ത ഡമ്മി വിമാനങ്ങൾ വിക്ഷേപിച്ചു കൊണ്ടാണ് ഇന്ത്യൻ വ്യോമസേന തങ്ങളുടെ പദ്ധതി ആരംഭിച്ചത്.
ഇരുട്ടിൽ പാഞ്ഞെത്തിയ ഡമ്മികൾ ഒറിജിനൽ വിമാനങ്ങളാണെന്നു കരുതിയ പാക് റഡാറുകൾ ഇവയുടെ സിഗ്നൽ പിടിച്ചെടുക്കുകയും വ്യോമ താവളങ്ങളിൽ സ്ഥാപിച്ച HQ-9 മിസൈൽ ബാറ്ററികൾ ഉൾപ്പെടെയുള്ള എയർ ഡിഫൻസുകൾ ആക്റ്റീവ് ആവുകയും ചെയ്തു. ഇവ ആക്റ്റീവ് ആയതോടെ ഇന്ത്യൻ സൈന്യം നൂറുകണക്കിന് വരുന്ന ഇസ്രായേൽ നിർമിത ഹാരപ്പ് ഡ്രോണുകൾ പിന്നാലെ അയച്ചു. അന്തരീക്ഷത്തിൽ തലങ്ങും വിലങ്ങും പറന്നു വരുന്ന ഡ്രോണുകളിലും ഡമ്മി വിമാനങ്ങളിലും ഫോക്കസ് ചെയ്ത പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ യഥാർത്ഥ ഭീഷണി ശബ്ദത്തേക്കാൾ പല മടങ്ങു വേഗതയിൽ പാഞ്ഞു വരുന്നത് കണ്ടതേയില്ല.
പാകിസ്ഥാന്‍റെ ഏറ്റവും പ്രധാനപ്പെട്ട 11 എയർബേസുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. പതിനഞ്ചോളം ബ്രഹ്മോസ് അതിവേഗ ക്രൂസ് മിസൈലുകൾ ഇതിനായി ഉപയോഗിച്ചതായി പറയപ്പെടുന്നു. ആദ്യമായിട്ടാണ് പരീക്ഷണത്തിനല്ലാതെ ഒരു യുദ്ധ സമാനമായ അന്തരീക്ഷത്തിൽ ഇന്ത്യ ഈ ആയുധം പ്രയോഗിക്കുന്നത്. എന്നാൽ കഥ ഇവിടെ തീരുന്നില്ല.
പാക് വ്യോമതാവളങ്ങളിലെ റൺവേകൾ, ഷെൽട്ടറുകൾ, കമാൻഡ് സെന്ററുകൾ എന്നിവ പ്രവർത്തനരഹിതമാക്കാൻ ഇതിലൂടെ സാധിച്ചു. ഇത് പാകിസ്ഥാൻ വ്യോമസേനയുടെ പ്രത്യാക്രമണങ്ങൾ നടത്താനുള്ള പ്ലാനുകളെ തകിടം മറിച്ചതായും ഒന്നിലധികം പ്രതിരോധ സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യോമതാവളങ്ങൾ തകർന്നതോടെ തങ്ങളുടെ വിമാനങ്ങൾ പാകിസ്ഥാന് മറ്റു താവളങ്ങളിലെക്ക് മാറ്റേണ്ടി വന്നു. മാത്രമല്ല, വിലപ്പെട്ട പല പ്രതിരോധ സംവിധാനങ്ങളും ആക്രമണത്തിൽ തകർന്നത് പാക് വ്യോമസേനക്ക് കനത്ത തിരിച്ചടിയായി. ആക്രമിക്കാനും പ്രതിരോധിക്കാനുമാകാതെ കുടുങ്ങിയ പാകിസ്ഥാന് വെടിനിർത്തലിനായി ഇന്ത്യയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി. ഇങ്ങനെയാണ് ബ്രഹ്മോസിനെ ഉപയോഗിച്ച് കൃത്യമായ പ്ലാനിങ്ങോട് കൂടി ഇന്ത്യ പാക് ആക്രമണം അവസാനിപ്പിച്ചത്.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ്, മാക് 2.8 വേഗതയും കൃത്യതയുള്ള സൂപ്പർ സോണിക് ക്രൂസ് മിസൈലാണ്. ഡോ. എപിജെ അബ്ദുൽ കലാമാണ് മിസൈലിന് ബ്രഹ്മപുത്ര, മോസ്കവ നദികളുടെ പേരുകൾ കൂട്ടിച്ചേർത്തുള്ള ഒരു പേര് നിർദേശിക്കുന്നത്. കര, കടൽ, വായു തുടങ്ങി ഏത് മേഖലയിൽ നിന്നും വിക്ഷേപിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here