
“ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഐ എം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണ്. വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തത്. ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഐ എമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ല. ആർഎസ്എസുമായി സിപിഐ എമ്മിന് ഒരു തരത്തിലും ബന്ധമില്ല. ആർഎസ്എസ് ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് സിപിഎമ്മുകാർ. ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. സിപിഐ എം രൂപീകൃതമായ അന്ന് മുതൽ ഇന്നോളം ആർഎസ്എസുമായി ഐക്യപ്പെട്ടിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല. സ്വന്തം നിലക്കാണ് അടിയന്തരാവസ്ഥ കാലത്ത് സിപിഎം പോരാടിയത്”. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകൾക്ക് ശേഷമായിരുന്നു അദ്ദേഹം തന്റെ കയ്യിലുള്ള ഒരു പുസ്തകം ഉയർത്തി കാട്ടുന്നത്. നീരജ ചൗധരി എഴുതിയ “How Prime Ministers Decide” എന്ന പുസ്തകം. എന്താണ് ആ പുസ്തകം പറയുന്നത്?
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ എങ്ങനെയാണ് എടുത്തതെന്നും അതിന് പിന്നിലെ കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നും വിശദീകരിക്കുന്ന പുസ്തകമാണ് “How Prime Ministers Decide”. ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെ പ്രവർത്തന ശൈലികളെക്കുറിച്ചും അവർ എടുത്ത ആറ് ചരിത്രപരമായ തീരുമാനങ്ങളെക്കുറിച്ചും ആഴത്തിൽ പരിശോധിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രിമാർ, രാഷ്ട്രീയ പ്രമുഖർ, ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ എന്നിവരുമായി നീരജ ചൗധരി നടത്തിയ നൂറുകണക്കിന് അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. നാൽപ്പത് വർഷത്തിലേറെ നീണ്ട നീരജ ചൗധരിയുടെ ഉന്നതതല റിപ്പോർട്ടിങ്ങിൽ നിന്നുള്ള ഉൾക്കാഴ്ചകളും, യാഥാർഥ്യങ്ങളും പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
ഇനി പുസ്തകത്തിൽ ചർച്ച ചെയ്യുന്ന ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ പരിശോധിക്കാം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി എങ്ങനെ അധികാരത്തിൽ തിരിച്ചെത്തി. ഷാബാനു കേസിൽ രാജീവ് ഗാന്ധിക്ക് പറ്റിയ തെറ്റുകൾ. വി പി സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച നരസിംഹ റാവുവിന്റെ “കൗശലപരമായ നിസ്സംഗത”. വാജ്പേയിയുടെ ആണവ പരീക്ഷണങ്ങൾ. മൻമോഹൻ സിംഗിന്റെ കാലത്തെ ചില നിർണായക തീരുമാനങ്ങൾ. തുടങ്ങിയ വിഷയങ്ങളാണ് How Prime Ministers Decide
എന്ന പുസ്തകം പറഞ്ഞുവെക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളെക്കുറിച്ചും പ്രധാനമന്ത്രിമാരുടെ തീരുമാനങ്ങളെക്കുറിച്ചും വളരെ ആഴത്തിലുള്ള വിവരങ്ങൾ നൽകുന്ന ഒരു പുസ്തകമാണ് “How Prime Ministers Decide”.
ഇതിൽ അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി എങ്ങനെ അധികാരത്തിൽ തിരിച്ചെത്തി എന്ന വിഷയത്തെപ്പറ്റി മാത്രം ഒന്ന് പറഞ്ഞുപോകാം. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ നേരിട്ട കനത്ത പരാജയത്തിന് ശേഷം 1980-ൽ ഇന്ദിരാഗാന്ധി എങ്ങനെ അധികാരത്തിൽ തിരിച്ചെത്തി എന്നതിനെക്കുറിച്ച് വിശദമായിതന്നെ How Prime Ministers Decide എന്ന പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.
അടിയന്തരാവസ്ഥയും , അതിന് ശേഷം രാജ്യത്ത് ഉടലെടുത്ത ജനവികാരത്തിൽ ഇന്ദിരാ ഗാന്ധിയ്ക്ക് ഭരണം നഷ്ടപ്പെട്ടു. അടിയന്തരാവസ്ഥ രാജ്യത്തെ ജനങ്ങളിൽ വലിയ രീതിയിൽ തന്നെ അതൃപ്തി സൃഷ്ടിച്ചിരുന്നു. അത് 1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കും കോൺഗ്രസിനും കനത്ത പരാജയം നേരിടാൻ കാരണമായി. ഒപ്പം ജനതാ പാർട്ടിക്ക് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനും സാധിച്ചു.
എന്നാൽ ജനതാ പാർട്ടിക്ക് വ്യക്തമായ ഒരു ഭരണ കാഴ്ചപ്പാടോ, ഭരിക്കാൻ ആവശ്യമായ ഒരു ഐക്യമോ ഉണ്ടായിരുന്നില്ല. മാത്രമല്ല മൊറാർജി ദേശായി, ചരൺ സിംഗ് തുടങ്ങിയ നേതാക്കൾ തമ്മിലുള്ള അധികാര വടംവലി ജനതാ സർക്കാരിനെ ദുർബലപ്പെടുത്തി. ഇത് ജനങ്ങൾക്ക് സർക്കാരിൽ മതിപ്പുണ്ടാക്കാത്ത ഒരു സാഹചര്യത്തിലേക്ക് നയിച്ചു. ഇത്തരത്തിലുള്ള ആഭ്യന്തര കലഹങ്ങളും, ഭരണത്തിലെ കാര്യക്ഷമതയില്ലായ്മയുമായിരുന്നു ഇന്ദിരാഗാന്ധിക്ക് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കിയത്.
എന്നാൽ ജനത പാർട്ടിയുടെ കഴിവുകേട് കൊണ്ട് മാത്രമല്ല ഇന്ദിരാഗാന്ധി അധികാരത്തിലേക്ക് തിരിച്ചു വന്നത്. ചില തന്ത്രപരമായ നീക്കങ്ങളും ഈ കാലത്ത് ഇന്ദിര നടത്തിയത് കൊണ്ടും കൂടിയാണ്. എന്തൊക്കെയായിരുന്നു പുസ്തകം പറയുന്ന ഇന്ദിരാഗാന്ധിയുടെ ആ തന്ത്രപരമായ നീക്കങ്ങൾ?
അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യമെമ്പാടും ഇന്ദിരാഗാന്ധിക്ക് വലിയ തോതിലുള്ള രൂക്ഷവിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അവർ തനിക്കെതിരായ ജനവികാരം മറികടക്കാൻ തന്ത്രപൂർവം മൗനം പാലിക്കുകയും, കാര്യങ്ങൾ നിരീക്ഷിക്കുകയും, ജനതാ പാർട്ടിയുടെ പരാജയങ്ങൾ തനിക്ക് അനുകൂലമാക്കുകയും ചെയ്തു.
തന്നിൽ നിന്ന് അകന്നുപോയ ജനങ്ങളെ കയ്യിലെടുക്കുക എന്നതായിരുന്നു മറ്റൊരു പ്രധാനതന്ത്രം. ജനതാ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പലപ്പോഴും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം ഇന്ദിരാഗാന്ധി ബോധപൂർവം നിലനിർത്തി. അധികാരത്തിലേക്ക് തിരിച്ചു വരാനുള്ള മറ്റൊരു തന്ത്രമായിരുന്നു ഇതും.
അടുത്തത് രാഷ്ട്രീയമായ പുനഃക്രമീകരണമായിരുന്നു. കോൺഗ്രസിനുള്ളിൽ തന്നെ ചില പുനഃക്രമീകരണങ്ങൾ വരുത്തിക്കൊണ്ട്, പുതിയ തലമുറയിലെ ചില നേതാക്കളെ ഇന്ദിര മുന്നോട്ട് കൊണ്ടുവന്നു. ഇനിയാണ് പുസ്തകത്തിലെ മർമ്മ പ്രധാനമായ ഇന്ദിരയുടെ തന്ത്രത്തിലേക്ക് കടക്കുന്ന പോയിന്റ് എത്തുന്നത്. അധികാരത്തിന് വേണ്ടി ആരെയും കൂട്ടുപിടിക്കുന്ന കോൺഗ്രസ്സ് ഡിഎൻഎ രൂപപ്പെട്ട പോയിന്റ്.
ആർ എസ് എസുമായുള്ള ഇന്ദിരയുടെ ബന്ധങ്ങൾ
അടിയന്തരാവസ്ഥ കാലത്തും അതിനുശേഷവും ഇന്ദിരാഗാന്ധിക്ക് ആർഎസ്എസ് നേതാക്കളുമായി രഹസ്യബന്ധങ്ങൾ ഉണ്ടായിരുന്നു. ആർഎസ്എസ് മേധാവി ബാലാസാഹേബ് ദേവറസ് ഇന്ദിരാഗാന്ധിക്ക് പല തവണ കത്തെഴുതുകയും, ചില ആർഎസ്എസ് നേതാക്കൾ സഞ്ജയ് ഗാന്ധിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു എന്നത് പുസ്തകത്തിൽ വ്യക്തമായി പറയുന്നു. മാത്രമല്ല അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാൻ ആർഎസ്എസിനെ പ്രേരിപ്പിക്കുന്നതിൽ ഇന്ദിരാഗാന്ധി വിജയിച്ചിരുന്നു എന്നും How Prime Ministers Decide പറയുന്നു.
കൂടാതെ അടിയന്തരാവസ്ഥയ്ക്ക് ശേഷം മുസ്ലീങ്ങൾക്കിടയിൽ കോൺഗ്രസിനോടുള്ള അതൃപ്തി മനസ്സിലാക്കി, ഇന്ദിരാഗാന്ധി തന്റെ രാഷ്ട്രീയത്തെ “ഹിന്ദുത്വവൽക്കരിക്കാൻ” ശ്രമിച്ചുവെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. ആർഎസ്എസിന്റെ നിശബ്ദമായ പിന്തുണയോ നിഷ്പക്ഷ നിലപാടോ തനിക്ക് സഹായകമാകുമെന്ന് ഇന്ദിര വിശ്വസിച്ചു. 1980-ൽ അടൽ ബിഹാരി വാജ്പേയി തന്റെ പ്രതിച്ഛായയെ മതേതരമാക്കാൻ ശ്രമിച്ചപ്പോൾ, ഇന്ദിരാഗാന്ധി ശ്രമിച്ചത് കോൺഗ്രസിന്റെ മുഖം ഹിന്ദുത്വവൽക്കരിക്കാൻ ആയിരുന്നു. 1980-ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ വരാൻ ആർഎസ്എസ് സഹായിച്ചുവെന്ന് അവരുടെ അടുത്ത സഹായി അനിൽ ബാലിയെ ഉദ്ധരിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്.
“ആർ.എസ്.എസിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ 353 സീറ്റുകൾ നേടാൻ ഇന്ദിരാഗാന്ധിക്ക് കഴിയില്ലായിരുന്നു.” ഇത് 1980-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ വിജയത്തിന് ആർഎസ്എസ് ഒരു പ്രധാന പങ്ക് വഹിച്ചു എന്നാണ് അനിൽ ബാലിയെ ഉദ്ധരിച്ച് പുസ്തകത്തിൽ പറയുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർഎസ്എസ്സിനെ നിരോധിക്കുകയും അവരുടെ ആയിരക്കണക്കിന് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തിരുന്നു. ഇത് ആർഎസ്എസ് അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി നിലകൊണ്ടു എന്ന പൊതുധാരണ ഉടലെടുക്കാൻ കാരണമായി. എന്നാൽ, നീരജ ചൗധരിയുടെ പുസ്തകം സൂചിപ്പിക്കുന്നത്, ഈ പൊതുധാരണയ്ക്ക് വിരുദ്ധമായി, അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുമായി രഹസ്യബന്ധം സ്ഥാപിക്കാൻ ആർഎസ്എസ് ശ്രമിച്ചിരുന്നു എന്നാണ്. അന്നത്തെ ആർഎസ്എസ് സർസംഘചാലക് ബാലാസാഹേബ് ദേവറസ് ജയിലിൽ നിന്ന് ഇന്ദിരാഗാന്ധിക്ക് പലതവണ കത്തുകൾ അയച്ചിരുന്നു എന്ന് പുസ്തകം പറയുന്നു. ഈ കത്തുകളിൽ അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാൻ ആർഎസ്എസ് സന്നദ്ധത പ്രകടിപ്പിക്കുകയും, ആർഎസ്എസിൻ്റെ മേലുള്ള നിരോധനം നീക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഇതിനോടൊപ്പം തന്നെ ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുമായുള്ള ആർഎസ്എസിന്റെ ബന്ധവും പുസ്തകം അടിവരയിടുന്നു. ചില ആർ.എസ്.എസ്. നേതാക്കൾ സഞ്ജയ് ഗാന്ധിയുമായി പല ഘട്ടങ്ങളിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഈ ബന്ധങ്ങൾ ആർ.എസ്.എസിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കാനും തങ്ങൾക്ക് അനുകൂലമായ നിലപാടുകൾ നേടാനുമായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം മുസ്ലീങ്ങൾക്കിടയിൽ കോൺഗ്രസിനോടുണ്ടായിരുന്ന അതൃപ്തി ഇന്ദിരാഗാന്ധി മനസ്സിലാക്കിയിരുന്നു തന്റെ രാഷ്ട്രീയ നിലപാടിന് ഒരു “ഹിന്ദുത്വവൽക്കരണ” സ്വഭാവം നൽകാൻ ഇന്ദിരാഗാന്ധി ശ്രമിച്ചു എന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. ആർഎസ്എസിന്റെ നിശബ്ദമായ പിന്തുണയോ നിഷ്പക്ഷതയോ തനിക്ക് തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന് അവർ കണക്കുകൂട്ടി. ഇന്ദിരാഗാന്ധിക്ക് ആർഎസ്എസുമായി പ്രത്യയശാസ്ത്രപരമായ അടുപ്പം ഉണ്ടായിരുന്നില്ലെങ്കിലും, തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആർഎസ്എസിന്റെ സ്വാധീനം ഉപയോഗപ്പെടുത്താൻ അവർ ശ്രമിച്ചു. അതേസമയം തന്നെ, ആർഎസ്എസുമായി ഒരു സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്തു.
ചുരുക്കി പറഞ്ഞാൽ നീരജ ചൗധരിയുടെ How Prime Ministers Decide എന്ന പുസ്തകം ഇന്ദിരാഗാന്ധിയും ആർഎസ്എസും തമ്മിലുള്ള ബന്ധം പൊതുവെ കരുതപ്പെടുന്നതിനേക്കാൾ ആഴമേറിയതായിരുന്നു എന്ന് വ്യക്തമാക്കുന്നു. പരസ്പരം എതിർക്കുമ്പോഴും, രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് രഹസ്യമായ നീക്കങ്ങളും സഹകരണങ്ങളും നടന്നിരുന്നു എന്നാണ് പുസ്തകം പറഞ്ഞ് വെക്കുന്നത്.
അടിയന്തരാവസ്ഥ കാലത്തെയും അതിനുശേഷമുള്ള ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിലുമുള്ള ആർഎസ്എസ് നിലപാടുകളെക്കുറിച്ചും പൊതുമധ്യത്തിൽ ആരും ചർച്ച ചെയ്യാത്ത പുതിയ വിവരങ്ങൾ ഇത് നൽകുന്നു.
ഇനി മുഖ്യമന്ത്രിയുടെ വാക്കുകൾ ഒന്നുകൂടി ആവർത്തിക്കാം, ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ട്. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണ്. വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കാണ് അന്ന് കോൺഗ്രസ് ആ സമീപനം എടുത്തത്. അവരെ പോലെ അല്ല ഇടതുപക്ഷം. ഈ കാലത്തിനിടയിൽ 215 ഓളം സഖാക്കളെ കൊലപ്പെടുത്തിയ ആർഎസ്എസുമായി ഒരു കാലത്തും ഐക്യപ്പെട്ടിട്ടില്ലത്തവരാണ് ഇടതുപക്ഷപ്രസ്ഥാനം. അത് ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

