
കുറേ പച്ചക്കറികൾ നേരത്തെ വാങ്ങിവയ്ക്കാൻ പലർക്കും മടിയാണ്. ദിവസങ്ങൾ കഴിയുന്തോറും ഇവ കേടായിപ്പോകുമെന്നതാണ് ഇതിന് കാരണം. വെണ്ടയ്ക്കയുടെ കാര്യവും ഇങ്ങനെത്തന്നെ. വെണ്ട പെട്ടെന്ന് വാടിയും ചീഞ്ഞുംപോകുമെന്നാണ് പലരും പരാതിപ്പെടുന്നത്.
എന്നാൽ ആഴ്ചകളോളം വെണ്ടയ്ക്ക ഫ്രഷായിരിക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. ഈ ടിപ്പുകൾ ചെയ്താൽ നിങ്ങൾക്കും വെണ്ടയ്ക്ക് ചിലപ്പോൾ കൂടുതൽ നാളുകൾ ഉപയോഗിക്കാനാകും. ഏതൊക്കെയാണ് ഈ ടിപ്പുകൾ എന്ന് നോക്കാം.
എണ്ണ മാജിക്ക്
വെണ്ടയ്ക്കയുടെ പുറത്ത് വെളിച്ചെണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണയോ നേരിയ ലെയറായി പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് വായുസഞ്ചാരം കുറയ്ക്കാനും വെണ്ടയ്ക്ക പെട്ടെന്ന് വാടിപ്പോകാതിരിക്കാനും സഹായിക്കും. എണ്ണ പുരട്ടിയ ശേഷം തണലുള്ള വായുസഞ്ചാരമുള്ള സ്ഥലത്ത് വെണ്ടയ്ക്ക സൂക്ഷിക്കണം.
ഈർപ്പമുള്ള തുണികൊണ്ടൊരു ടിപ്പ്
ചൂട് കൂടുതലുള്ള കാലാവസ്ഥയാണെങ്കിൽ ഒരു കോട്ടൺ തുണി ചെറുതായി വെള്ളം നനച്ച് വെണ്ടയ്ക്കയുടെ മുകളിൽ വിരിച്ചിടണം. തുണി അധികം നനയാതിരിക്കാൻ ശ്രദ്ധിക്കണം. വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പാക്കണം.
ALSO READ: പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന പേടിയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ ഉപയോഗിക്കല്ലേ..
ഉണക്കി സൂക്ഷിക്കാം
വെണ്ടയ്ക്ക വാങ്ങിയാലുടൻ അതിലെ ഈർപ്പമെല്ലാം തുടച്ച് നീക്കണം. ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളമെല്ലാം തുടച്ച് മാറ്റുന്നതാണ് നല്ലത്. ഈർപ്പം ഉണ്ടെങ്കിൽ വെണ്ടയ്ക്ക പെട്ടെന്ന് കേടാകും.
പേപ്പറിൽ പൊതിഞ്ഞോ
വെണ്ടയ്ക്ക ഓരോന്നായി പേപ്പറിലോ ബ്രൗൺ പേപ്പറിലോ പൊതിഞ്ഞ് വെക്കുന്നത് ഗുണംചെയ്യും. ഇങ്ങനെ ചെയ്യുന്നത് വായുസഞ്ചാരം ഉറപ്പാക്കാനും അധികമുള്ള ഈർപ്പം വലിച്ചെടുക്കാനും സഹായിക്കും. ഇത് ഒരു കുട്ടയിലോ വായുസഞ്ചാരമുള്ള പാത്രത്തിലോ സൂക്ഷിക്കുക.
അഗ്രഭാഗം മുറിക്കല്ലേ
സൂക്ഷിച്ചു വെക്കുന്നതിന് മുൻപ് വെണ്ടയ്ക്കയുടെ അഗ്രഭാഗങ്ങളോ ഞെട്ടോ മുറിക്കാൻ പാടില്ല. മുറിച്ചാൽ അതിലെ വഴുവഴുപ്പ് പുറത്തുവരുകയും വെണ്ടയ്ക്ക വേഗത്തിൽ കേടാകുകയും ചെയ്യും.
ഒന്നിച്ച് വയ്ക്കേണ്ട
വെണ്ടയ്ക്കയെ മറ്റ് പച്ചക്കറികളിൽ നിന്ന് അകറ്റി വെക്കാൻ ശ്രദ്ധിക്കുക. പഴുത്ത തക്കാളി, പഴം തുടങ്ങിയവയ്‌ക്കൊപ്പം വെച്ചാൽ ഇത്തരം പഴങ്ങൾ പുറത്തുവിടുന്ന എഥിലീൻ വാതകം വെണ്ടയ്ക്ക പെട്ടെന്ന് പഴുക്കാനും നശിക്കാനും ഇടയാക്കും.
കഴുകരുത്
വെണ്ടയ്ക്ക നേരത്തേ കഴുകി വയ്ക്കേണ്ടതില്ല. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക. നേരത്തെ കഴുകിയാൽ അതിലെ ഈർപ്പം കാരണം വെണ്ടയ്ക്ക പെട്ടെന്ന് അഴുകിപ്പോയേക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

